ന്യൂഡൽഹി: പ്രതിഷേധങ്ങൾ ശക്തമായി തുടരുമ്പോഴും പ്രതിദിന ഇന്ധനവില വർധനവിന് മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് 37 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് ഇന്ന് വില കൂട്ടിയിട്ടില്ല. തുടർച്ചയായ ഏഴാം ദിവസമാണ് പെട്രോൾ വില വർധിക്കുന്നത്.
തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 112 രൂപ 41 പൈസയാണ്. രാജ്യത്ത് ഇന്ധനവില വർധനയിൽ റെക്കോഡ് ഇട്ട മാസമായിരുന്നു കഴിഞ്ഞത്. പെട്രോളിന് ഏഴ് രൂപ 82 പൈസയും ഡീസലിന് എട്ട് രൂപ 71 പൈസയുമാണ് ഒക്ടോബറിൽ മാത്രം കൂടിയത്.
ഡൽഹിയിൽ പെട്രോൾ വില ഇന്ന് 110 രൂപ കടന്നു. പെട്രോൾ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ് ഇന്ന്. മുംബൈയിൽ പെട്രോളിന് 115.85 രൂപയും ഡീസലിന് 106.62 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 106.66 രൂപയും ചെന്നൈയിൽ 102.59 രൂപയുമാണ്.
എണ്ണക്കമ്പനികൾ ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചകവാതക സിലിണ്ടറിന് തിങ്കളാഴ്ച 268 രൂപ വർധിപ്പിച്ചിരുന്നു, കൊച്ചിയിൽ സിലിണ്ടർ ഒന്നിന് 1994 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ (14.2 കിലോ) വില 906.50 രൂപയിൽ തുടരുന്നു.