തിരുവനന്തപുരം: പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനിയുമായ വിനീതയുടെ മൃതദേഹം തന്റെ കടയ്ക്കുളളില്‍ മൂടിയിട്ട നിലയിലാണ് കണ്ടെതെന്ന് കടയുടമയും നാലാഞ്ചിറ സ്വദേശിയുമായ തോമസ് മാമന് കോടതിയില്‍ മൊഴി നല്കി. ചെടി വാങ്ങാന്‍ കടയിലെത്തിയ ഉപഭോക്താവ് കടയ്ക്കുളളില്‍ വിനീതയെ കാണുന്നില്ലെന്ന് ഫോണ്‍ ചെയ്ത് അറിയിച്ചപ്പോഴാണ് താന്‍ കടയിലെത്തിയതെന്നും കോടതിയെ അറിയിച്ചു.
സമീപത്തെ വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരിയെ കൂട്ടി തിരച്ചില്‍ നടത്തുമ്പോഴാണ് ചെടിച്ചട്ടികളുടെ ഇടയില്‍ മൂടിയിട്ട നിലയില്‍ വിനീതയുടെ മൃതദേഹം കണ്ടത്. താന്‍ വിനീതയുടെ മൃതദേഹം കാണുമ്പോള്‍ വിനീത സ്ഥിരമായി ധരിക്കാറുണ്ടായിരുന്ന മാല അവരുടെ കഴുത്തില്‍ ഉണ്ടായിരുന്നില്ലെന്നും തോമസ് മാമൻ മൊഴി നല്കി. ഏഴാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനാണ് കേസ് പരിഗണിച്ചത്.
സംഭവ ദിവസം രാവിലെ 11.30 ന് വിനീത കൊല്ലപ്പെട്ട കടയുടെ ഭാഗത്തേക്ക് പ്രതി രാജേന്ദ്രൻ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാക്ഷിയായ പത്മനാഭ പവ്വര്‍ ടൂള്‍സ് ഉടമ ശിവജി തിരിച്ചറിഞ്ഞു. ശിവജിയുടെ കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ഹാജരാക്കിയിരുന്നു. പ്രതി പരുത്തിപാറയില്‍ നിന്ന് കേശവദാസപുരം ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ പരുത്തിപ്പാറയിലെ ഓറിയോണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയും, കേശവദാസപുരത്തുകൂടി കടന്ന് പോകുന്ന ദൃശ്യങ്ങള്‍ ജെനുവിന് കാര്‍സ് ഉടമ രാകേഷും തിരിച്ചറിഞ്ഞു.
പ്രതി സംഭവ ദിവസം രാവിലെ 12.30 നും രാത്രി 7.30 നും പേരൂര്‍ക്കട ജില്ലാ ആശുപത്രിക്ക് മുന്നിലൂടെ പോകുന്ന സിസി ടിവി ദൃശ്യങ്ങള്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷീജ തിരിച്ചറിഞ്ഞു. കൊലപാതകത്തിനു ശേഷം ആശുപത്രിക്ക് സമീപമുളള തന്റെ താമസ സ്ഥലത്ത് എത്തിയ പ്രതി, വൈകിട്ട് ആശുപത്രിയില്‍ ചികിത്സ തേടി എന്നാണ് പ്രോസിക്യൂഷന് കേസ്.