കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളെല്ലാം സി.പി.എം. നേതാക്കളോ പ്രവര്‍ത്തകരോ ആണ്.
10 പ്രതികളെ കുറ്റവിമുക്തരാക്കി. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളിയും കുറ്റക്കാരനാണെന്ന് എറണാകുളം സി.ബി.ഐ. കോടതി കണ്ടെത്തി.
20 മാസത്തോളം നീണ്ട വിചാരണാ നടപടികള്‍ക്ക് ശേഷമാണ് കേസില്‍ വിധി വന്നത്. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കാസര്‍കോട് ജില്ലയിലെ പെരിയ കല്യോട്ടെ ശരത്ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എം. മുന്‍ എം.എല്‍.എ. അടക്കം 24 പേരാണ് പ്രതിചേര്‍ക്കപ്പെട്ടത്.
ഒന്നാം പ്രതി സി.പി.എം. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരനാണ്. ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉദുമ മുന്‍ ഏരിയ സെക്രട്ടറിയുമായ കെ. മണികണ്ഠന്, പെരിയ മുന്‍ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളി എന്നിവരും പ്രതികളാണ്.
എ. പീതാംബരനുള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും കെ.വി. കുഞ്ഞിരാമനുള്‍പ്പെടെ 10 പേരെ സി.ബി.ഐ. ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 11 പേരും സി.ബി.ഐ. അറസ്റ്റ് ചെയ്ത 5 പേരും ഇപ്പോഴും ജയിലിലാണ്.
2021 ഡിസംബര്‍ 3നാണ് സി.ബി.ഐ. എറണാകുളം സി.ജെ.എം. കോടതിയില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചത്. 2023 ഫെബ്രുവരി 2ന് കേസിന്റെ വിചാരണാ നടപടികള്‍ എറണാകുളം സി.ബി.ഐ. കോടതിയില്‍ ആരംഭിച്ചു. 292 സാക്ഷികളുള്ള കേസില്‍ 154 പേരെ പ്രോസിക്യൂഷന് വിസ്തരിച്ചു. ആഴ്ചയില്‍ 4 ദിവസവും പെരിയ ഇരട്ടക്കൊലക്കേസ് വിചാരണയ്ക്കു മാത്രമായി കോടതി മാറ്റിവെച്ചതുകൊണ്ടാണ് കേസ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനായത്.
വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കിയ ജഡ്ജി കെ. കമനീസ് സ്ഥലം മാറിയതിനാല്‍ പുതുതായി എത്തിയ ജഡ്ജി ശേഷാദ്രിനാഥനാണ് ശിക്ഷാവിധി പറയുക. കേസില്‍ സി.ബി.ഐ. പ്രോസിക്യൂട്ടര്‍ ബോബി ജോസഫ്, കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായ കെ. പത്മനാഭന് എന്നിവര്‍ വാദിഭാഗത്തിനു വേണ്ടിയും കെ.പി.സി.സി. മുന്‍ വൈസ് പ്രസിഡന്റും ഇപ്പോള്‍ സി.പി.എം. സഹയാത്രികനുമായ സി.കെ. ശ്രീധരന്, നിക്കോളാസ് ജോസഫ്, സോജന് മൈക്കിള്‍, അഭിഷേക് എന്നിവര്‍ പ്രതിഭാഗത്തിനു വേണ്ടിയും ഹാജരായി.
Trending
- തമിഴ്നാട്ടിൽ 4 പേർ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ; മോക്ഷം കിട്ടാൻ ചെയ്തതെന്ന് പോലീസ്
- ദേശീയ ദിന ദീപാലങ്കാര മത്സരം: ഷിഫ അല്‍ ജസീറ ആശുപത്രിക്ക് പുരസ്കാരം
- 14 വയസ്സുകാരി ഗർഭിണി; തുടർച്ചയായി ബലാത്സംഗം ചെയ്തത് പിതാവും മുത്തച്ഛനും അമ്മാവനും
- ക്ഷേമ പെൻഷൻ തട്ടിപ്പ്; കൃഷിവകുപ്പിലെ 29 ജീവനക്കാരെ സസ്പെൻഡ് ചെയ്തു
- പി പി ദിവ്യ ഇരയായി മാറി; വിമർശനവുമായി CPIM പത്തനംതിട്ട ജില്ലാ സമ്മേളനം
- പമ്പയിൽ സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ കൂടും; 60 വയസ്സ് പൂർത്തിയായവർക്ക് പ്രത്യേക കൗണ്ടർ
- എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷൻ അനുശോചിച്ചു
- എം.ടി യുടെ വിയോഗം മലയാളക്കരയുടെ തീരാനഷ്ടം- കെ.പി.എഫ്