കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സിപിഎമ്മിനുള്ള തിരിച്ചടിയെന്ന് ഷാഫി പറമ്പിൽ എം.പി. സിപിഎം തിരക്കഥയെഴുതി സംവിധാനം ചെയ്ത കൊലപാതകമാണെന്നും പാർട്ടിക്ക് പങ്കില്ലെന്ന കള്ളം ജനങ്ങൾക്കുമുന്നിൽ തെളിഞ്ഞെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
‘”ഒരു തരത്തിലുള്ള സഹതാപവും അര്‍ഹിക്കാത്ത പ്രതികളും കൃത്യവുമായിരുന്നു ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം. അതുകൊണ്ട് പരമാവധി ശിക്ഷ അവര്‍ക്ക് കിട്ടണമെന്നാണ് സമാധാനം പുലരണമെന്നാഗ്രഹിക്കുന്ന മുഴുവന്‍ മലയാളികളും ആഗ്രഹിച്ചത്. 19-ഉം 23-ഉം വയസ്സുള്ള രണ്ടു ചെറുപ്പക്കാരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ആ കൊലപാതകം ഒരു സംഘര്‍ഷത്തിലോ സംഘട്ടനത്തിലോ ഉണ്ടായതുമല്ല. സ്ഥലവും നാളും തീയതിയും കുറിച്ച് ആളുകളെ തീരുമാനിച്ച് അവിടെ കൊണ്ടു വന്ന് പാര്‍ട്ടി തിരക്കഥയെഴുതി പാര്‍ട്ടി അഭിനേതാക്കളെ വിട്ട് സിപിഎം സംവിധാനം ചെയ്തു നടപ്പിലാക്കിയ ഒരു കൊലപാതകമാണ്. സിപിഎമ്മിന്റെ പങ്കാണ് തെളിഞ്ഞത്. സിപിഎം നടത്തിയ കൊലപാതകമെന്ന് തന്നെയാണ് ഇതിനെ വിളിക്കേണ്ടത്. വേറെ ഒരു കാരണവും രാഷ്ട്രീയമല്ലാതെ അതിനില്ല. പാര്‍ട്ടിക്ക് പങ്കില്ലെന്ന കള്ളം ജനങ്ങള്‍ക്ക് മുന്നില്‍ പൊളിഞ്ഞിരിക്കുകയാണ്. ഇരട്ടജീവപര്യന്തം പരമാവധി ആളുകള്‍ക്ക് ലഭിക്കേണ്ടിയിരുന്നു. നിയമവിദഗ്ധരുമായി ആലോചിച്ച് ബാക്കി കാര്യങ്ങള്‍ നോക്കും.”
“ഗൂഢാലോചനയില്‍ ഭാഗമായവരും രക്ഷപ്പെടുത്താന്‍ നോക്കിയ മുന്‍ എംഎല്‍എയടക്കമുള്ള ആള്‍ക്കാരെ രക്ഷിക്കാന്‍ വേണ്ടിയാണ് ഖജനാവിലെ പണമുപയോഗിച്ച് കേസ് സിബിഐക്ക് വിടുന്നതിനെ അട്ടിമറിക്കാന്‍ വേണ്ടിയാണ് സിപിഎം ശ്രമിച്ചത്. വിധി വന്നത് പ്രതികള്‍ക്കെതിരെ മാത്രമല്ല, കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ കൂടിയാണ്. ഈ വിധി അവര്‍ക്കെതിരെ വരാതിരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്ത്, കേരളത്തിലെ ജനങ്ങളുടെ നികുതി പണം ദുരുപയോഗം ചെയ്ത് ക്രിമിനലുകളം രക്ഷിച്ചെടുക്കാന്‍ ശ്രമിച്ച പിണറായി വിജയനും കൂടിയുള്ള വിധിയാണിത്. ഇനിയെങ്കിലും ആ ഖജനാവില്‍ നിന്നൊഴുക്കിയ സാധാരണജനങ്ങളുടെ പണം തിരിച്ചടയ്ക്കാന്‍ സിപിഎം തയ്യാറാവണം. സികെ ശ്രീധരനും ലഭിച്ച തിരിച്ചടിയാണിത്. കൊല്ലപ്പെട്ട കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കുടുംബത്തില്‍ ചെന്ന് ആശ്വസിപ്പിച്ച് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്ന് പറഞ്ഞിട്ടും പിണറായി വിജയനുമായി ഒത്തുകളിച്ച് പാര്‍ട്ടി മാറി. കാലുമാറി അപ്പുറത്ത് ചെന്ന് ഈ കൊല്ലപ്പെട്ടവരുടെ അമ്മമാരെ വിസ്തരിക്കുന്ന കാഴ്ചയാണ് കണ്ടത്. പ്രതികളെ രക്ഷപ്പെടുത്താന്‍ പിണറായി വിജയന് കണ്ട വഴിയായിരുന്നു സി.കെ. ശ്രീധരനെ മറുകണ്ടം ചാടിക്കുക എന്നത്”, ഷാഫി പറഞ്ഞു.