തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഉന്നതരാരെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് മുദ്രവച്ച കവറിൽ സ്വർണക്കടത്ത് പ്രതികൾ കൊടുത്തത്. കോടതി ഞെട്ടിയെങ്കിൽ ജനം ബോധം കെട്ടുവീഴുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എറണാകുളത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവശങ്കറും സ്വപ്ന സുരേഷും സർക്കാരിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്, സർക്കാർ ഇവരെ സംരക്ഷിക്കാനും. കൂട്ടായി നടത്തിയ പ്രവർത്തനമാണിതെന്നും ചെന്നിത്തല ആരോപിച്ചു. അന്വേഷണത്തിനെതിരായ സിപിഎം സമരം സത്യം പുറത്തുവരാതിരിക്കാനാണ്. ഇതിനൊക്കെ മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ജനങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് സിപിഎം. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തതിന്റെ കാരണവും ഇതാണ്. കണ്ണൂരായത് കൊണ്ട് മുഖ്യമന്ത്രിക്ക് ഇറങ്ങാം. ഞങ്ങളൊക്കെ പറഞ്ഞത് കൊണ്ടാണ് അവിടെയെങ്കിലും ഇറങ്ങിയത്. സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേതൃത്വത്തിനും ഭരണ നേതൃത്വത്തിനും പങ്കുണ്ടെന്ന് ഇതോടെ വ്യക്തമായിരിക്കുന്നുവെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും ജനങ്ങൾ എൽഡിഎഫ് ഭരണത്തിൽ എതിർപ്പ് പ്രകടിപ്പിക്കുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.