ന്യൂഡൽഹി: അസ്ട്രാസെനെക്ക, ഫൈസർ വാക്സിനുകൾ എടുത്തവരിൽ രക്തം കട്ടപിടിക്കൽ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിയ തോതിൽ കണ്ടെത്തിയെന്ന് പഠന റിപ്പോർട്ട്. ഫൈസർ, ജാൻസെൻ, മോഡേണ വാക്സിനുകളേക്കാൾ ഉയർന്ന അപകടസാധ്യത അസ്ട്രാസെനെക്കയ്ക്ക് ഉണ്ടെന്ന് യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിൽ പറയുന്നു.
രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന (ത്രോംബോസൈറ്റോപീനിയ) അവസ്ഥ ചിലരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന്, അസ്ട്രാസെനെക്ക കുത്തിവയ്പ്പുകൾ നൽകുന്നത് കുറച്ച് കാലത്തേക്ക് നിർത്തിവെച്ചിരുന്നു.
വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത വാക്സിനുകൾ എടുത്ത ഒരു കോടി ആളുകളിലാണ് പഠനം നടത്തിയത്. അസ്ട്രാസെനെക്കയുടെ കോവിഡ് -19 വാക്സിൻ കോവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ വ്യാപകമായി നൽകിയിരുന്നു. എന്നാൽ ഈ പ്രശ്നം ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്.