തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ ഉപഭോക്താവും തങ്ങളുടെ നിയമപരമായ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ടെന്നും വാണിജ്യ രംഗത്തെ ദോഷകരമായ പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാകേണ്ടതുണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃ കാര്യ വകുപ്പുമന്ത്രി ജി.ആര് അനില്‍ പറഞ്ഞു. ഉപഭോക്താവ് എന്ന നിലയില്‍ ചൂഷണത്തിന് വിധേയമാവുകയോ പറ്റിക്കപ്പെടുകയോ ചെയ്താല്‍ അത് തിരിച്ചറിയാനും ബന്ധപ്പെട്ട ഉപഭോക്തൃ ഫോറങ്ങള്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കുന്നതിന് ജനങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന പ്രവണതയില്‍ നിന്ന് ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് എറണാകുളത്ത് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി സംഘടിപ്പിച്ച ഡിജിറ്റല്‍ ബോധവത്ക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി കര്‍മ്മ പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സംസ്ഥാന ത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ക്ക് ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണെങ്കിലും ഉപഭോക്തൃ പരാതികളുടെ എണ്ണത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണ്. ഇതിന്റെ ഭാഗമായി ഉപഭോക്തൃകാര്യ വകുപ്പ് 4 പരസ്യ ചിത്രങ്ങള്‍ തയ്യാറാക്കുകയും അവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തെ സ്കൂള്‍-കോളേജുകളിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ സഹകരണത്തോടെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ഉപഭോക്തൃ ബോധവത്ക്കരണ പരിപാടി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ‘ജാഗ്രത’, ‘ക്ഷമത’ എന്നീ പദ്ധതികള്‍ ലീഗല്‍ മെട്രോളജി രംഗത്തെ ചൂഷണത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് സഹായകരമായിട്ടുണ്ട്. ഹോട്ടല്‍ ഭക്ഷണത്തിന്റെ നിലവാരമില്ലായമ, മായം ചേര്‍ക്കല്‍ എന്നിവയെ സംബന്ധിച്ച് നിരവധി പരാതികളാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെയും സേവനം ഉപയോഗിച്ച് ഈ മേഖലയില്‍ കൂടുതല്‍ ഇടപെടല്‍ നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നതാണ്.
