വാഷിങ്ടൻ: ബിസിനസ്/ ടൂറിസ്റ്റ് വിസയിൽ യുഎസിൽ എത്തുന്നവർക്ക് പുതിയ ജോലിയിൽ ചേരാനും അഭിമുഖങ്ങൾക്ക് വിധേയരാകാനും അവസരം. ജോലി ലഭിക്കുകയാണെങ്കിൽ, അവിടെ ജോലി ആരംഭിക്കുന്നതിന് മുമ്പ് വർക്ക് വിസ നേടണമെന്നും വ്യവസ്ഥയുണ്ട്. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നോൺ ഇമിഗ്രന്റ് തൊഴിലാളികളെ പിരിച്ചുവിടുമ്പോൾ, അവർക്ക് മുന്നിലുള്ള ഓപ്ഷനുകളെക്കുറിച്ച് അറിയണമെന്നില്ലെന്നും 60 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് ട്വീറ്റിൽ പറയുന്നത്.
60 ദിവസത്തെ കാലയളവ് ജോലിയിൽനിന്നു പിരിച്ചുവിടുന്ന ദിവസം മുതൽ ആരംഭിക്കുന്നു. നോൺ ഇമിഗ്രന്റ് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും കുറച്ച് കാലം യുഎസിൽ താമസിക്കാൻ അവകാശമുണ്ടാകുകയും ചെയ്താൽ, അവർ നോൺ ഇമിഗ്രന്റ് സ്റ്റാറ്റസ് മാറ്റാൻ അപേക്ഷിക്കണം. 60 ദിവസത്തിനുള്ളിൽ ഈ സ്റ്റാറ്റസ് മാറുകയാണെങ്കിൽ, അവർക്ക് കുറച്ച് കാലം കൂടി യുഎസിൽ താമസിക്കാൻ കഴിയും. ഈ കാലയളവിലും ജോലി ലഭിക്കുകയോ വിസ സ്റ്റാറ്റസ് മാറ്റുകയോ ചെയ്തില്ലെങ്കിൽ അവർ യുഎസ് വിടേണ്ടിവരും.