തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞ് ജനം. വിദ്യാർഥികളുടെ കൺസെഷൻ തുക വർധിപ്പിക്കൽ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ സൂചനാ പണിമുടക്കിലേക്ക് നീങ്ങിയത്. വിദ്യാർഥികളുടെ കൺസെഷൻ തുക വർധിപ്പിക്കുക, ദീർഘദൂര ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. സംസ്ഥാനത്തിന്റെ വിവിധജില്ലകളിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്നത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന, സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന ഒട്ടനവധിയാളുകളെയാണ് സ്വകാര്യ ബസ് പണിമുടക്ക് ബാധിച്ചിരിക്കുന്നത്. സ്വകാര്യ ബസുകൾ പണമുടക്കിയതോടെ കെ.എസ്.ആർ.ടി.സി. ബസുകളെയാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ, കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ഇല്ലാത്ത റൂട്ടുകളിലെ യാത്രക്കാരാണ് കൂടുതൽ വലഞ്ഞത്.
ഏറ്റവും കൂടുതൽ സ്വകാര്യ ബസ് സർവീസുകളുള്ള മലയോര മേഖലകളേയും സമരം കാര്യമാത്തിന്നെ ബാധിച്ചിട്ടുണ്ട്. സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി. അധിക സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം നഗരത്തെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും വർക്കല, കൊല്ലം തുടങ്ങിയിടങ്ങളിൽ സ്വകാര്യബസുകളെ ആശ്രയിക്കുന്നവരെ കാര്യമായിത്തന്നെ പണിമുടക്ക് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോടും സ്വകാര്യബസുകളൊന്നും തന്നെ ഓടുന്നില്ല. കെ.എസ്.ആർ.ടി.സിയെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്.
അതേസമയം, ബസുടമകളുടെ സമ്മർദ്ദം അനാവശ്യമാണ് എന്നാണ് സർക്കാറിന്റെ നിലപാട്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ബസുടമകൾ ആവശ്യപ്പെട്ടതുപ്രകാരം നിരക്ക് വർധനവ് ഉണ്ടായത്. ഇത്തരത്തിൽ പല ആവശ്യങ്ങളും സർക്കാർ അംഗീകരിച്ച് നൽകിയിട്ടുണ്ട്. ഇനിയും ഇവരുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ല എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
‘അനവസരത്തിലുള്ളതാണ് പണിമുടക്ക്. വിദ്യാർഥികളുടെ കൺസെഷൻ വർധിപ്പിക്കുക എന്നതാണ് അവരുടെ ആവശ്യം. ഈ ആവശ്യം പഠിക്കാനായി സർക്കാർ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ഈ സർക്കാർ വന്നതിന് ശേഷമാണ് സ്വകാര്യ ബസുകൾക്ക് ചരിത്രത്തിൽ ഏറ്റവും വലിയ നിരക്ക് വർധന നൽകിയത്. കോവിഡ് കാലത്തും വർധന നൽകി. നാല് വർഷത്തിനുള്ളിൽ രണ്ട് പ്രാവശ്യം സ്വകാര്യ ബസുകൾക്ക് ടിക്കറ്റ് ചാർജ് വർധിപ്പിച്ചു കൊടുത്ത ഏക കാലഘട്ടം ഇതാണ്’, മന്ത്രി പറഞ്ഞു. പണിമുടക്ക് ഒരു കണക്കിനും ന്യായീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.