തിരുവനന്തപുരം: ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ ആയ പെഗസസ് ഉപയോഗിച്ച് ഇന്ത്യയില്‍ 40 മാധ്യമപ്രവര്‍ത്തകരുടെയും ന്യായാധിപന്മാരുടെയും രാഷ്ട്രീയനേതാക്കളുടെയും സ്വതന്ത്രബുദ്ധിജീവികളുടെയും ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയും സര്‍വ്വ സീമകളും ലംഘിച്ച് വളരുന്ന അഫ്ഗാനിലെ താലിബാന് ഭീകരതയ്ക്കെതിരെയും പ്രതികരിക്കുന്നതിന് കേരള പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന പെഗസസ്-താലിബാന് പ്രതിഷേധ ചിന്താസംഗമം ആഗസ്റ്റ് 27 വെളളിയാഴ്ച വൈകുന്നേരം 4.00ന് തിരുവനന്തപുരം ഭാരത് ഭവനില്‍. ഡോ. ശശി തരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ബിനോയ് വിശ്വം എം.പി, മുന്‍ എം.പി സി.പി നാരായണന് എന്നിവര്‍ വിഷയത്തില്‍ പ്രഭാഷണം നടത്തും. കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്.ബാബു അധ്യക്ഷനാകും.
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് പ്രസിഡന്റ് സുരേഷ് വെളളിമംഗലം, അക്കാദമി സെക്രട്ടറി എന്‍.പി.സന്തോഷ്, ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍,കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സെക്രട്ടറി അഭിജിത് നായര്‍ എന്നിവര്‍ പങ്കെടുക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന പ്രതിഷേധ ചിന്താസംഗമത്തില് നേരിട്ടും meet.google.com/hcc-nzwq-cms എന്ന ലിങ്കിലൂടെ ഗൂഗിള്‍ മീറ്റിംഗിലൂടെയും തത്സമയം പങ്കെടുക്കാം.