മനാമ: മണിപ്പൂർ കലാപബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഐ വൈ സി സിയുടെ നേതൃത്വത്തിൽ ഐക്യ ദാർഢ്യ സദസ് സംഘടിപ്പിച്ചു. സെഗയ കെസിഎ ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്ത് സംരക്ഷിക്കാൻ അധികാരികൾ പ്രതിജ്ഞബദ്ധർ ആകണമെന്നും രാജ്യത്തിന്റെ യശസിന് കളങ്കം വീഴുന്ന പ്രവർത്തനം ഉണ്ടായിട്ടും ശക്തമായ നടപടി എടുക്കാതെ സംവിധാനങ്ങൾ നിസ്സംഗത പാലിക്കുന്നത് പ്രതിഷേധാർഹം ആണെന്നും പങ്കെടുത്തു സംസാരിച്ച വിവിധ ആളുകൾ അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങളും സ്ത്രീകളുടെയും മാനവും സംരക്ഷിക്കപ്പെടണം, ഇരു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളിൽ സ്നേഹത്തിന്റെ ഭാഷയിൽ ഉള്ള ഇടപെടലുകൾ നടത്തി പരിഹാരം ഉണ്ടാക്കപ്പെടണം എന്നും അവർ അഭിപ്രായപ്പെട്ടു.
ഐ വൈ സി സി പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി അലൻ ഐസക്ക് സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റും ചാരിറ്റി വിംഗ് കൺവീനറും ആയ അനസ് റഹിം വിഷയാവതരണം നടത്തി. കെ എം സി സി ഭാരവാഹി റഫീഖ് തൊട്ടക്കര മുഖ്യപ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ ഷാഫി, സാമൂഹിക പ്രവർത്തകൻ അനിൽ കുമാർ യു കെ എന്നിവർ സംസാരിച്ചു. ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദി പറഞ്ഞു.