തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗുഢാലോചനക്കേസില്‍ പി സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി സി ജോര്‍ജിന് നോട്ടീസ് നല്‍കും. സ്വപ്ന സുരേഷിനൊപ്പം പി സി ജോര്‍ജും കേസില്‍ പ്രതിയാണ്.
മുന്‍മന്ത്രി കെ ടി ജലീല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ കെ ടി ജലീലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷം വ്യാജരേഖ ചമയ്ക്കല്‍ അടക്കം ജാമ്യമില്ലാ വകുപ്പുകളും സ്വപ്നയ്ക്കെതിരെ പൊലീസ് കൂട്ടിച്ചേര്‍ത്തിരുന്നു.

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇ ഡി ചോദ്യം ചെയ്യല്‍ നടന്നതിനാല്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ സ്വപ്നയ്ക്ക് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസിലെ രണ്ടാം പ്രതിയായ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
പി സി ജോര്‍ജിനെതിരെ കേസില്‍ സാക്ഷിയായ സരിത എസ് നായരും മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ നീക്കങ്ങള്‍ക്ക് ഒപ്പം നില്‍ക്കണമെന്ന് പി സി ജോര്‍ജ് തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സരിത പറഞ്ഞത്. സ്വപ്ന സുരേഷും പി സി ജോര്‍ജും ക്രൈം നന്ദകുമാറും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും സരിത പൊലീസിനോട് പറഞ്ഞു.
