തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി പി സി ജോർജ്. കേസിൽ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തെല്ലാം കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോ അതിലെല്ലാം ഉറച്ചുനിൽക്കുന്നു. തെറ്റ് പറഞ്ഞ കാര്യങ്ങൾ പിൻവലിക്കാൻ മടിയില്ലെന്നും ജോർജ് പറഞ്ഞു.
”പിണറായി വിജയന്റെ തീവ്രവാദ മുസ്ലിങ്ങൾക്കുള്ള റമദാൻ സമ്മാനമാണ് തന്റെ അറസ്റ്റും ഈ പ്രകടനവും. വിളിച്ച് പറഞ്ഞാൽ ഞാൻ പൊലീസിൽ ഹാജരാകുമായിരുന്നു. ഹിന്ദുസമ്മേളനത്തിൽ പങ്കെടുത്ത് പറഞ്ഞതിൽ ഒരു കാര്യം തിരുത്താനുണ്ട്. യൂസുഫലിയെക്കുറിച്ച് പറഞ്ഞത് തിരുത്തുന്നു. യൂസുഫലി സാഹിബ് മാന്യനാണ്. അദ്ദേഹത്തിന് എതിരായോ അപമാനിക്കാനോ ഉദ്ദേശിക്കുന്നില്ല. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് പിൻവലിക്കുകയാണ്” – ജോർജ് പറഞ്ഞു.

തിരുവനന്തപുരത്തുനിന്ന് പുലർച്ചെ ഈരാറ്റുപേട്ട വരെ വന്ന പൊലീസുകാരെ കണ്ടപ്പോൾ സങ്കടം തോന്നി. നിർദേശം കിട്ടിയിട്ടാണ് പുലർച്ചെ തന്നെ വന്നതെന്ന് പൊലീസുകാർ പറഞ്ഞു. പല്ല് തേച്ച് കുളിച്ചാണ് ഇങ്ങോട്ട് പുറപ്പെട്ടതെന്നും അദ്ദേഹം വിവരിച്ചു.
അതേസമയം, അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി സി ജോര്‍ജിന് ജാമ്യം ലഭിച്ചു. വഞ്ചിയൂര്‍ കോടതി മജിസ്ട്രേറ്റ് ആശാ കോശിയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണത്തെ സ്വാധീനിക്കരുത്, വിദ്വേഷ പ്രസംഗം നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് മജിസ്ട്രേറ്റിന്റെ വസതിയില്‍ നിന്ന് പുറത്തുവന്ന ശേഷം പി സി ജോര്‍ജ് പ്രതികരിച്ചു.
