സിപിഐഎമ്മിന് പിന്നാലെ പയ്യന്നൂരിലെ കോൺഗ്രസിലും സാമ്പത്തിക ക്രമക്കേട് വിവാദം. രോഗികൾക്ക് സഹായമെത്തിക്കാൻ കോൺഗ്രസ് അനുകൂല അധ്യാപക സംഘടന നൽകിയ വാഹനം കാണാനില്ലെന്നാണ് ആരോപണം. സന്നദ്ധ കൂട്ടായ്മയ്ക്ക് കൈമാറിയ വാഹനം എവിടെയെന്ന് വ്യക്തതയില്ലെന്നാണ് ആക്ഷേപം. പയ്യന്നൂരിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്ന ജയ്ഹിന്ദ് പയ്യന്നൂരിനും ഐ.എന്‍.സി. കെയര്‍ യൂണിറ്റിനുമായി നല്കിയ വാന്‍ കാണാതായെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.(payyannur congress on kpsta vehicle allegation)
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനും രോഗികളുടെ ചികിത്സയ്ക്കുമായാണ് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ. വാന്‍ സംഭാവനചെയ്തത്. കഴിഞ്ഞ വര്‍ഷം മേയ് 21നാണ് ഇതിന്റെ ഫ്ളാഗ് ഓഫ് പയ്യന്നൂരില്‍ നിര്‍വഹിച്ചത്. ഐ.എന്‍.സി. കെയര്‍ എന്ന പേരെഴുതിയ വാഹനം കുറച്ചുദിവസം ഓടിച്ചശേഷം പിന്നീട് കാണാതായെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തില്‍ തിരിമറി നടന്നെന്ന ആരോപണത്തെച്ചൊല്ലി പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ വാക്കേറ്റമുണ്ടായിരുന്നു. യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഒരു പഴയ വാഹനം ഐ.എന്‍.സി. കെയറിന്റെ ലേബലൊട്ടിച്ച് ജയ്ഹിന്ദ് പ്രസിഡന്റിന്റെ വീട്ടുമുറ്റത്ത് കാണപ്പെട്ടു. ഈ വാഹനവും ഇപ്പോള്‍ കാണാതായി. വിവാദമായപ്പോള്‍ പകരം സംഘടിപ്പിച്ച പഴയ വാഹനവും വിറ്റ് പണമാക്കിയെന്നാണ് ഇപ്പോള്‍ ആരോപണമുയരുന്നത്.
എന്നാൽ പരാതിയിൽ ആഭ്യന്തര അന്വേഷണത്തിനായി രണ്ടംഗ സമിതിയെ നിയമിച്ചു. വാഹനം മറിച്ചുവിറ്റെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും നന്നാക്കാനായി വർക്ക്ഷോപ്പിൽ കൊടുത്തത് ആണെന്നും ജയ്ഹിന്ദ് പയ്യന്നൂർ ചെയർമാൻ പറഞ്ഞു.