ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടിയ ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു.
ഇന്ത്യൻ ബോക്സോഫീസിൽ 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസിൽ 1000 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. തിയേറ്ററുകളില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിന് ശേഷം ഒടിടിയില്‍ എത്തിയപ്പോഴും വൻ തോതിലുള്ള പ്രേക്ഷകപ്രീതിയാണ് ചിത്രത്തിന് ലഭിക്കുന്നത്. തിയേറ്റര്‍ കട്ടില് ഇല്ലാതിരുന്ന ചില രംഗങ്ങളും ഒടിടി പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാൻ ചിത്രം തിയേറ്ററുകളിൽ എത്തിയത്. ‘സലാം നമസ്തേ’, ‘അഞ്ജാന അഞ്ജാനി, ‘ബാംഗ് ബാംഗ്’, ‘വാർ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തത്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ ജോൺ എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.