മനാമ: സിവിൽ ഏവിയേഷൻ അഫയേഴ്സിന്റെ പരിഷ്കരിച്ച യാത്ര മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നു. ഇത് പ്രകാരം ആഗസ്റ്റ് 29 മുതൽ ബഹ്റൈനിലേക്ക് വരുന്ന ആറു വയസും അതിൽ കൂടുതലും ഉള്ളവർ ഇനി മുതൽ അഞ്ചാം ദിവസവും കോവിഡ് പി.സി.ആർ പരിശോധന നടത്തണം. ഇതുവരെ വിമാനത്താവളത്തിൽ എത്തുമ്പോഴും തുടർന്ന് 10ാം ദിവസവുമായിരുന്നു പരിശോധന നടത്തേണ്ടിയിരുന്നത്.
ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്ന യാത്രക്കാർ കൊറോണ വൈറസിനായുള്ള (കോവിഡ് -19) മൂന്ന് പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ടെസ്റ്റുകൾക്ക് 36 ബഹ്റൈൻ ദിനാർ നൽകണം. നേരത്തെ രണ്ട് ടെസ്റ്റുകൾക്കായി 24 ദിനാറായിരുന്നു അടക്കേണ്ടിയിരുന്നത്. പരിശോധനകൾക്കുള്ള പേയ്മെന്റ് എയർപോർട്ടിലെ കിയോസ്ക് വഴിയോ അല്ലെങ്കിൽ ‘ബിഅവെയർ ബഹ്റൈൻ’ ആപ്ലിക്കേഷൻ വഴി അടക്കാവുന്നതാണ്.