പട്ന: ട്രെയിൻ യാത്രക്കാരനിൽനിന്ന് ജനാല വഴി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ച മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി. ഫോണ്‍ കൈക്കലാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല യാത്രക്കാര്‍ ഇയാളെ ജനാലവഴി പിടിച്ചുവെക്കുകയും ചെയ്തു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയതോടെ ഇയാള്‍ അക്ഷരാര്‍ഥത്തില്‍ ട്രെയിനിനുപുറത്ത് തൂങ്ങിയാടി. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.
എപ്പോള്‍ പകര്‍ത്തിയതാണെന്ന് വ്യക്തമല്ലാത്ത വീഡിയോ ബിഹാറില്‍നിന്നുള്ളതാണെന്നാണ് സൂചന. ട്രെയിനിന്റെ ജനാലവഴിയുള്ള മോഷണങ്ങള്‍ ബിഹാറില്‍ പതിവാണ്. ട്രെയിന്‍ നീങ്ങിത്തുടങ്ങുന്ന സമയത്താണ് സാധാരണയായി തട്ടിപ്പറിശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍, ഈ സംഭവത്തില്‍ യാത്രക്കാരന് ഏറെ ശ്രദ്ധ പാലിച്ചിരുന്നതായി വേണം കരുതാന്‍. മോഷ്ടാവ് ട്രെയിനിന് അകത്തേക്ക് കൈ കടത്തിയ ഉടനെ തന്നെ യാത്രക്കാന് കൈയില്‍ പിടികൂടി. മറ്റ് യാത്രക്കാരും ഒപ്പം കൂടി. മോഷ്ടാവ് പിടിവിടുവിക്കാനായി കുതറി നോക്കിയെങ്കിലും പിടിവിട്ടില്ല. യാത്രക്കാര്‍ ഇയാളുടെ തലക്കടിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ഇയാളുടെ കൂട്ടാളികള്‍ ഓടിയെത്തിയാണ് ഇയാളെ മോചിപ്പിച്ചത്.
2022-ലും സമാനമായ സംഭവം ബിഹാറില്‍ നടന്നിരുന്നു. അന്ന് മോഷണത്തിന് ശ്രമിച്ചയാള്‍ സാഹെബ്പുര്‍ കമല്‍ സ്റ്റേഷന് മുതല്‍ ഖഗാരിയ വരെയുള്ള പത്ത് കിലോമീറ്ററാണ് ട്രെയിനില്‍ തൂങ്ങി സഞ്ചിച്ചത്. പിന്നീട് യാത്രക്കാര്‍ ഇയാളുടെ പിടിവിട്ടതോടെ ഇയാള്‍ ഓടിപ്പോകുകയായിരുന്നു.