ആറ്റിങ്ങല്‍: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യാത്രക്കാരന്റെ അതിക്രമം. മറ്റ് യാത്രക്കാരെ മർദ്ദിച്ച അക്രമി ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ എത്തിയപ്പോൾ പുറത്തിറങ്ങി ബസിന്റെ മുൻവശത്തെ ചില്ലുകൾ തകർത്തു. യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.
വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വികാസ് ഭവൻ ഡിപ്പോയിലെ ബസിനാണ് കേടുപാടുകൾ സംഭവിച്ചത്. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസ്സിലായിരുന്നു സംഭവം. ബസിനുള്ളിൽ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത രണ്ട് യാത്രക്കാരെ ഇയാൾ മർദ്ദിച്ചു. അവർ പരാതി നൽകിയിട്ടില്ല. ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ എത്തിയപ്പോൾ പുറത്തിറങ്ങി കല്ലെറിയുകയും ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർക്കുകയും ചെയ്തു.
തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് തടഞ്ഞുവെച്ച് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ജീവനക്കാരെയും ഇയാൾ ആക്രമിച്ചു. ഡിപ്പോ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരസ്പര ബന്ധമില്ലാതെയാണ് അക്രമി സംസാരിച്ചതെന്ന് ഇൻസ്പെക്ടർ തൻസീം അബ്ദുൾസമദ് പറഞ്ഞു. കുളത്തൂപ്പുഴ സ്വദേശിയാണെന്നും തന്റെ പേര് നസറുദ്ദീൻ എന്നാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.