തിരുവനന്തപുരം: രണ്ട് പേർക്ക് ഇരിക്കാവുന്ന കണ്ടക്ടർ സീറ്റുകളിൽ കണ്ടക്ടർക്ക് പുറമെ യാത്രക്കാരെ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിക്കേണ്ടതാണെന്ന് കെഎസ്ആർടിസി സി എം ഡി നിർദേശം നൽകി. എന്നാൽ വനിതാ കണ്ടക്ടർമാരാണെങ്കിൽ ഈ സീറ്റിൽ സ്ത്രീ യാത്രക്കാരെ മാത്രമെ ഇരിക്കുവാൻ അനുവദിക്കുകയുള്ളു. യാത്രക്കാർ സുരക്ഷിതമായി മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ജീവനക്കാർ ഉറപ്പു വരുത്തണം.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാലും കെഎസ്ആർടിസി ജീവനക്കാർ പൂർണമായും വാക്സിനെടുത്ത സാഹചര്യത്തിലുമാണ് തീരുമാനം. വിദ്യാർഥികൾക്കടക്കം ഒരു സീറ്റിൽ ഒരാൾ എന്ന നിബന്ധന വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനിയും സീറ്റുകൾ ഒഴിച്ചിട്ട് സർവ്വീസ് നടത്തുവാൻ സാധിക്കില്ല. ആയതിനാലാണ് തീരുമാനമെന്നും ഈ വിവരങ്ങൾ കർശനമായി പാലിക്കുവാനും ജീവനക്കാരെ അറിയിക്കുന്നതിനും യൂണീറ്റ് ഓഫീസർമാർക്ക് നിർദേശം നൽകിയിയതായും സി എം ഡി അറിയിച്ചു.