കൊച്ചി: താനും ഭാര്യയും തമ്മില്‍ ഉണ്ടായിരുന്നത് തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നെന്നും അതു പരിഹരിച്ച സാഹചര്യത്തില്‍ ഒരുമിച്ചു ജീവിക്കാനാഗ്രഹിക്കുന്നെന്നും വ്യക്തമാക്കി പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ പി. ഗോപാല്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പോലീസിന് കോടതി നോട്ടീസയച്ചു.
വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ എന്നും നിലവിലുള്ള ക്രിമിനല്‍ കേസ് മൂലം ഭാര്യാഭര്ത്താക്കന്മാരെന്ന നിലയില്‍ ഒരുമിച്ചു ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും പൊലീസിന്റെ തുടര്‍ച്ചയായ ഇടപെടലിനെ തുടര്‍ന്നാണിതെന്നും ഹൈക്കോടതിയില്‍ രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. തന്നെ രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും തങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചെന്നും കാണിച്ചുള്ള യുവതിയുടെ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് എ. ബദറുദീന്റെ ബെഞ്ച് കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി.
തെറ്റിദ്ധാരണകള്‍ നീങ്ങുകയും ഒരുമിച്ചു ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ കേസ് റദ്ദാക്കണം. ഈ കേസ് തുടരുന്നത് തങ്ങളോടു ചെയ്യുന്ന കടുത്ത അനീതിയാണ്. തങ്ങള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ പൊതുസമൂഹത്തെ ബാധിക്കുന്നവയല്ല. തെറ്റിദ്ധാരണകളെല്ലാം തമ്മില്‍ സംസാരിച്ചു മാറ്റി. ഒരുമിച്ചു ജീവിക്കാനാഗ്രഹിക്കുന്നു. ഇക്കാര്യം യുവതി തന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
രാഹുല്‍, മാതാവ്, സഹോദരി, രാഹുലിന്റെ സുഹൃത്ത് എന്നിവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. തങ്ങള്‍ നിരപരാധികളാണെന്ന് ഇവര്‍ ഹര്‍ജിയില്‍ പറയുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ ചില തെറ്റിദ്ധാരണകള്‍ മൂലമാണ് ഇത്തരമൊരു പരാതി കൊടുക്കാനിടയായത്. രണ്ടു കക്ഷികള്‍ തമ്മിലുള്ള വിവാഹബന്ധത്തിലെ പ്രശ്നങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. രാഹുല്‍ യുവതിയെ ഒരു വിധത്തിലുള്ള പരിക്കും ഏല്‍പ്പിച്ചിട്ടില്ലെന്നും ഹര്‍ജിയിലുണ്ട്.
കേസുമായി ബന്ധപ്പെട്ട് യുവതി തന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ രംഗത്തു വന്നിരുന്നു. തന്നെ രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതി യൂട്യൂബ് വിഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭര്‍തൃവീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണു മകള്‍ ഇത്തരത്തില്‍ സംസാരിക്കുന്നതെന്നാണ് മാതാപിതാക്കള്‍ പ്രതികരിച്ചത്. യുവതിയെ കാണാനില്ലെന്നു കാട്ടി വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇവരെ കണ്ടെത്തി മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്പര്യമില്ലെന്നാണ് യുവതി അറിയിച്ചത്.