കോഴിക്കോട് : മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസ്സായിരുന്നു. അർബുദത്തെതുടർന്ന് അങ്കമാലിയിലെ ലിറ്റിൽഫ്ളവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തങ്ങളെ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് രണ്ട് ആഴ്ച മുൻപായിരുന്നു അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യനില മോശമാകുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്. അർബുദ ബാധയെ തുടർന്ന് അദ്ദേഹം കഴിഞ്ഞ ആറ് മാസമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
1947 ജൂൺ 15 ന് മലപ്പുറത്തെ പാണക്കാട് ആണ് ഹെെദരലി ശിഹാബ് തങ്ങൾ ജനിച്ചത്. അറബിക് പണ്ഡിതൻ ആയാണ് അദ്ദേഹം ജീവിതം തുടങ്ങിയത്. കഴിഞ്ഞ 12 വർഷമായി അദ്ദേഹം മുസ്ലീം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനാണ്. സഹോദരന്റെ വിയോഗ ശേഷമാണ് നേതൃത്വത്തിലേക്ക് അദ്ദേഹം എത്തിയത്.
