തിരുവനന്തപുരം: നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരായ ഐക്യജനാധിപത്യമുന്നണിയുടെ ജനകീയപോരാട്ടം ശക്തമായി തുടരുമെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി വ്യക്തമാക്കി.
നഗരവാസികളുടെ നികുതിത്തുക കൊള്ളയടിച്ച കേസിലെ പ്രധാനപ്രതികളെ അറസ്റ്റു ചെയ്യുകയും നടപടികൾ ശക്തിപ്പെടുത്തുമെന്ന് നിയമസഭയിൽ സർക്കാർ ഉറപ്പുനൽകുകയും ചെയ്ത സാഹചര്യത്തിൽ യുഡിഎഫ് ന്റെ നേതൃത്വത്തിൽ നടത്തിവന്ന പ്രത്യക്ഷസമരപരിപാടികൾ തൽക്കാലം നിർത്തിവയ്ക്കുകയാണ്. എന്നാൽ നിതാന്തജാഗ്രതയോടെയുള്ള പോരാട്ടം തുടരും. യുഡിഎഫിന്റെ നേതൃത്വത്തിൽ നഗരത്തിലെ നൂറു കേന്ദ്രങ്ങളിൽ നടത്തിയ ജനസദസ്സുകളും തുടർന്നുള്ള പ്രക്ഷോഭങ്ങളുമാണ് നഗരസഭയ്ക്കുള്ളിലെ പകൽകൊള്ളക്കാർക്കെതിരെ അന്വേഷണം നടത്താനും നടപടിയെടുക്കാനും സർക്കാരിനെ നിർബന്ധിതമാക്കിയത്. ജനസദസ്സുകളും മറ്റു സമരപരിപാടികളും വിജയിപ്പിക്കാൻ കൈകോർത്ത എല്ലാവർക്കും ഡിസിസി പ്രസിഡന്റ് നന്ദി അറിയിച്ചു.
ഒരന്വേഷണവും അറസ്റ്റും കൊണ്ടുമാത്രം അവസാനിക്കുന്നതല്ല ഈ പ്രശ്നം. ഇതിനെല്ലാം ഉത്തരവാദികളായ മേയർ ഉൾപ്പെടെയുള്ള ഭരണപക്ഷ നേതൃത്വത്തിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ധൂർത്തും ഈ പകൽക്കൊള്ളയിൽ അവരുടെ പങ്കും പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം തുടരും. ഒപ്പം മാലിന്യസംസ്കരണം ഉൾപ്പെടെയുള്ള അടിസ്ഥാനവികസന പ്രശ്നങ്ങളിൽ നഗരസഭ പുലർത്തുന്ന അവഗണയ്ക്കെതിരെ ഡിസിസിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും പാലോട് രവി അറിയിച്ചു.