
മനാമ: ബഹ്റൈനിൽ നടന്ന പാം ട്രീ ഫെസ്റ്റിവൽ ശ്രദ്ധേയമായി. സാംസ്കാരിക പൈതൃക ഉത്സവമായ ‘ഖൈറത്ത് അൽ നഖ്ല’യുടെ മൂന്നാം പതിപ്പാണ് ഇപ്പോൾ നടന്നത്. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് (എൻഐഎഡി) സെക്രട്ടറി ജനറൽ ശൈഖ മാരം ബിൻത് ഈസ അൽ ഖലീഫയാണ് മേള ഉദ്ഘാടനം ചെയ്തത്. ദേശീയ കാർഷിക വികസന സംരംഭത്തിന്റെ (എൻ.ഐ.എ.ഡി) ആഭിമുഖ്യത്തിൽ ഹൂറത്ത് ആലിയിലെ ബഹ്റൈനി ഫാർമേഴ്സ് മാർക്കറ്റിൽ നടന്ന മേള കാണാൻ നിരവധി പേരാണ് എത്തിച്ചേർന്നത്.
രാജ്യത്തിന്റെ കാർഷിക തനിമ നിലനിർത്തുകയും ഈന്തപ്പനയിൽ നിന്നുള്ള എല്ലാ ഉൽപന്നങ്ങളുടെയും പ്രാദേശിക ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. നിരവധി കർഷകരും കാർഷിക കമ്പനികളും കരകൗശല വിദഗ്ധരും മേളയിൽ പങ്കെടുത്തു. ബഹ്റൈന്റെ പൈതൃകത്തിൽ ഈന്തപ്പനയുടെ സ്ഥാനം എന്തെന്ന് അടയാളപ്പെടുത്തുന്നതാണ് ഈന്തപ്പന മേള. ബഹ്റൈനികൾ നിർമ്മിച്ച അരിവാൾ, കേർണൽ തുടങ്ങിയ ഈന്തപ്പനകളെ പരിപാലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഈന്തപ്പനയെ ബാധിച്ചേക്കാവുന്ന കീടങ്ങളുടെ ഉദാഹരണങ്ങളും അണുബാധകളെ എങ്ങനെ തിരിച്ചറിയാനും കൈകാര്യം ചെയ്യാമെന്നും എല്ലാം മേളയിൽ പ്രദർശിപ്പിച്ചു. 6,000 വർഷമായി ഈന്തപ്പന മേഖല ബഹ്റൈനിൽ ഒരു തദ്ദേശീയ ഘടകമാണ്.
