പാലക്കാട്ടെ പോക്സോ കേസിലെ ഇരയെ കണ്ടെത്തി. ഗുരുവായൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിലാണ് കുട്ടി ഉണ്ടായിരുന്നത്. രണ്ടു ദിവസം മുന്‍പാണ് കുട്ടിയെ മുത്തശിയുടെ അടുത്ത് നിന്ന് മാതാപിതാക്കള്‍ തട്ടികൊണ്ടു പോയത്.
പ്രതിക്കും കുട്ടിയുടെ അമ്മക്കുമെതിരെ കുട്ടിയുടെ സംരക്ഷണചുമതലയുളള മുത്തശ്ശിയും മാതൃസഹോദരിയും രംഗത്തെത്തി. അമ്മയുടെ സാന്നിധ്യത്തിലാണ് മൊഴിമാറ്റാന്‍ കുട്ടിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയതെന്നും നേരത്തെയും സമാനശ്രമങ്ങള്‍ ഉണ്ടായെന്നും മുത്തശ്ശി ട്വന്റിഫോറിനാട് പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കുട്ടിയെ പ്രതിയടങ്ങുന്ന സംഘം ഞായറാഴ്ച വൈകിട്ടാണ് തട്ടിക്കൊണ്ടുപോയത്.
16ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ മൊഴിമാറ്റാനാണ് പെണ്‍കുട്ടിയെ പ്രതിയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയതെന്നാണ് മുത്തശ്ശിയും മാതൃസഹോദരിയും പറയുന്നത്. ഇതേദിവസം വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരേയും മര്‍ദിച്ചാണ് സംഘം അതിജീവിതയെ കടത്തിക്കൊണ്ടുപോയത്.
കുട്ടി അമ്മക്കൊപ്പം ഉണ്ടെന്നാണ് കരുതുന്നതെന്നും മൊഴിമാറ്റുക മാത്രമാണ് പ്രതിയുടെ ലക്ഷ്യമെന്നും മുത്തശ്ശി പറയുന്നു. നേരത്തെയും സമാനരീതിയിലുളള ശ്രമങ്ങള്‍ ഇവര്‍ നടത്തിയിരുന്നു. മൊഴി മാറ്റാന്‍ കുട്ടിയെ ഉപദ്രവിക്കുമോയെന്ന് ആശങ്കയുണ്ടെന്നും മുത്തശ്ശി ട്വന്റി ഫോറിനോട് പറഞ്ഞു.
കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പാലക്കാട് ടൗണ്‍ സൗത്ത് സിഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നമ്പര്‍ പ്ലേറ്റ് തുണികൊണ്ട് മറച്ച കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
Summary: Palakkad POCSO case victim found