പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു മെഡിക്കൽ കോളേജാക്കി മറ്റുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. മെഡിക്കൽ കോളേജിന്റെ വികസനപ്രവർത്തനങ്ങളെ സംബന്ധിച്ച് വിവിധ വകുപ്പുകളുടെ സാനിധ്യത്തിൽ ചർച്ച നടത്തുകയും ആറ് മാസം കൊണ്ട് എല്ലാ പ്രവർത്തനങ്ങളും പൂർത്തീകരിക്കാനും തീരുമാനമെടുത്തു. അതിനു വേണ്ടി ഒറ്റപ്പാലം സബ് കളക്ടറെ സ്പെഷ്യൽ ആഫീസറായി നിയമിച്ച് എല്ലാ ആഴ്ചകളിലും പ്രവർത്തനങ്ങൾ വിലയിരുത്തി വരുന്നുണ്ട്.
മെഡിക്കൽ കോളേജിൽ ഇൻപേഷ്യന്റ് സംവിധാനം പൂർണ്ണതോതിൽ ഒരുക്കുന്നതിനായി ഉടനെ കെട്ടിട നിർമ്മാണം ആരംഭിക്കും. അഡ്മിനിസ്ടേറ്റീവ് പ്രവർത്തനങ്ങൾക്കായി നോൺ പ്ലാൻ ഫണ്ടിൽ നിന്നും ഫണ്ട് കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം, വിദ്യാർത്ഥികളുടെ സ്റ്റൈപന്റ് തുടങ്ങിയവ നൽകുന്നതിന് പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം എത്രയും വേഗം പൂർത്തീകരിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനകരമാവുംവിധം മാറ്റിത്തീർക്കുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എയുടെ സബ്മിഷന് നിയമസഭയിൽ മന്ത്രി മറുപടി പറഞ്ഞു.