
തൃശൂർ: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതിൽ അവരേക്കാളധികം സങ്കടം സി.പി.എമ്മിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശൂരിൽ സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2021ൽ ഇ. ശ്രീധരന് ലഭിച്ച കുറെ വോട്ടുകൾ ഇത്തവണ രാഹുൽ മാങ്കൂട്ടത്തിന് കിട്ടി. എന്നിട്ടും യു.ഡി.എഫ്. ജയിച്ചത് എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകൊണ്ടാണെന്നാണ് സി.പി.എം. നേതാക്കൾ പറയുന്നത്. മുമ്പ് ജമാഅത്തെ ഇസ്ലാമിക്കാരും എസ്.ഡി.പി.ഐക്കാരും ശ്രീധരനാണോ വോട്ട് ചെയ്തിരുന്നതെന്ന് സി.പി.എം. പറയണം. ഷാഫി പറമ്പിലിനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയത് ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള ഡീലിന്റെ ഭാഗമാണെന്ന് സി.പി.എം. പ്രചരിപ്പിച്ചു. വടകരയിൽ ജയിപ്പിച്ചുതരുന്നതിനു പകരം പാലക്കാട്ട് ബി.ജെപി.യെ കോൺഗ്രസ് ജയിപ്പിച്ചുകൊടുക്കുമെന്നായിരുന്നു അവരുടെ പ്രചാരണം.

എന്നാൽ രണ്ടിടങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ പഴയതിലധികം വോട്ട് നേടുകയാണ് ചെയ്തത്. ഇങ്ങനെയൊരു ഡീലുണ്ടാകുമോ? വയനാട്ടിലും പാലക്കാട്ടും യു.ഡി.എഫ്. ഭൂരിപക്ഷം വർദ്ധിപ്പിക്കുകയും ചേലക്കരയിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം മൂന്നിലൊന്നിന് താഴെയായി കുറയ്ക്കുകയും ചെയ്തിട്ടും കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് പറയാൻ സി.പി.എമ്മിന് മാത്രമേ സാധിക്കൂ. ട്രോളി ബാഗും അവസാനഘട്ടത്തിലെ പരസ്യവുമടക്കം യു.ഡി.എഫിനെതിരെ സി.പി.എം. പയറ്റിയ തന്ത്രങ്ങളെല്ലാം അവർക്ക് തിരിച്ചടിയായി. ചേലക്കരയിലെ പരാജയം പോലെ തന്നെ വയനാട്ടിലെയും പാലക്കാട്ടെയും വിജയവും കോൺഗ്രസ് പരിശോധിക്കും. അതാണ് പാർട്ടിയുടെ രീതി. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി. വിജയിക്കാനിടയാക്കിയതിൽ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യത്തിനും പങ്കുണ്ടെന്ന് സമ്മതിക്കുന്നു. പത്തുവർഷം മുമ്പ് വരെ യു.ഡി.എഫ്. കോട്ടയായിരുന്നു തൃശൂർ. സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് ഒരു വർഷത്തിനകം തൃശൂർ പഴയ അവസ്ഥയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
