പാലക്കാട് : മലമ്പുഴയിൽ ഓടികൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. മന്തക്കാട് കവലയിൽ രാത്രി എട്ടു മണിയോടെയാണ് തേങ്കുറുശ്ശി വിളയൻചാത്തനൂർ സ്വദേശി വിജയകുമാറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തീപിടിച്ചത്. കാറിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്.

മലമ്പുഴ അണക്കെട്ട് ഉദ്യാനം സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് ഹോണ്ട മൊബിലിയോ കാറിന് തീപ്പിടിച്ചത്. കാറിനു പുറകിലായി വന്നിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കാറിൽ പുകയുയരുന്നത് കണ്ടത്. മന്തക്കാട് കവലയിലുണ്ടായിരുന്നവർ ബഹളം വച്ചാണ് വാഹനം നിർത്തിയത്. കാറിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരായി പുറത്തിറങ്ങിയതിന് ശേഷമാണ് തീ ആളിപ്പടർന്നത്. ബോണറ്റിനുള്ളിൽ നിന്നാണ് തീപ്പടർന്നത്. കാറിന്റെ എഞ്ചിൻഭാഗം പൂർണ്ണമായും കത്തിനശിച്ചു.
