മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT) വർഷം തോറും സംഘടിപ്പിക്കാറുള്ള “പാക്ട് ഓണം” വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. പ്രതീക്ഷകൾക്ക് അപ്പുറം നിൽക്കുന്ന കലാവിരുന്ന് ഒരുക്കിയും അതോടൊപ്പം പാലക്കാടൻ രീതിയിലുള്ള സദ്യ നൽകി അതിഥികൾക്കും കുടുംബാംഗങ്ങൾക്കും നാട്ടിലെ ഓണത്തിൻറെ പ്രതീതി നൽകുവാൻ ഒരുപരിധിവരെ സാധിക്കുന്നു എന്നത് തന്നെ ഈ കൂട്ടായ്മയുടെ ഒരു വിജയമാണ്.
ഇത്തവണ ഇന്ത്യൻ സ്കൂളിൽ വച്ച് പാക്ട് സംഘടിപ്പിച്ച ചടങ്ങിൽ ഹിസ് എക്സെലെൻസി പിയുഷ് ശ്രീവാസ്തവ – ഇന്ത്യൻ അംബാസിഡർ ഇൻ ബഹ്റൈൻ, പാലക്കാട് ആലത്തൂർ നിയോജകമണ്ഡലത്തിലെ മെമ്പർ ഓഫ് പാർലമെൻറ് രമ്യ ഹരിദാസ്, ബഹ്റിനിലെ ബിസിനസ് ഐക്കോണുകളായ കെ ജി ബാബുരാജൻ, പമ്പാവാസൻ നായർ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ബഹ്റൈൻ സോപാനം വാദ്യകലാസംഘം പ്രസിഡന്റ് സന്തോഷ് കൈലാസ് എന്നിവർ സദസ്സിനെ അഭിമുഖീകരിച്ചു സംസാരിച്ചു.
ഇവരോടൊപ്പം, ഇന്ത്യൻ സ്കൂളിന് വേണ്ടി ബിനു കുന്നുമ്മലിനേയും, ഐ സി ആർ എഫിനു വേണ്ടി ഡോ: ബാബു രാമചന്ദ്രനെയും പങ്കജ് നെല്ലൂരിനെയും, ഇന്ത്യൻ ക്ലബിന് വേണ്ടി പ്രസിഡന്റ് ചെറിയാനേയും ഗുരുദേവ സോഷ്യൽ സൊസൈറ്റിക്കുവേണ്ടി പ്രസിഡന്റ് ചന്ദ്രബോസിനെയും പാക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി മെമന്റോയും ഷൗളും നൽകി ആദരിച്ചു. തുടർന്ന് നടന്ന, പാലക്കാട് ടോപ് ഇൻ ടൌൺ ഒരുക്കിയ ‘തനി പാലക്കാടൻ സ്റ്റൈൽ സദ്യ’ ആയിരത്തിഅഞ്ഞൂറില്പരം വരുന്ന ബഹറിൻ മലയാളികൾ ആസ്വദിച്ചു കഴിച്ചു.
മാവേലിമന്നനും താലമേന്തിയ പെൺകുട്ടികളും തിരുവാതിരകളിയും സോപാനം വാദ്യ കലാസംഘമൊരുക്കിയ മേളവും ഒക്കെയായി പാക്ട് ഓണപൂത്താലം ഇത്തവണയും കാണികളുടെ മനം കവർന്നു.