മുംബൈ: 10 വർഷത്തിനിടെ ആദ്യമായി ഒരു പാക്കിസ്ഥാൻ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. ‘ദി ലെജൻഡ് ഓഫ് മൗല ജത്’ ഡിസംബർ 30ന് മഹാരാഷ്ട്രയിൽ റിലീസ് ചെയ്യും. എന്നാൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെ മഹാരാഷ്ട്ര നവനിർമ്മാൺ സേന എതിർത്തു. സീ സ്റ്റുഡിയോസ്, മൂവിടൈം സിനിമ, ഓഗസ്റ്റ് എന്റർടെയ്ൻമെന്റ്, തിലക് എന്റർടെയ്ൻമെന്റ് എന്നിവയുൾപ്പെടെ തിയേറ്റർ ഉടമകൾക്കും വിവിധ വിതരണ കമ്പനികൾക്കും ചിത്രം പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് എംഎൻഎസ് കത്തയച്ചിട്ടുണ്ട്.
ചിത്രം ഡിസംബർ 30ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിൽ റിലീസ് ചെയ്യുന്ന ആദ്യ പാകിസ്ഥാൻ ചിത്രമാണിത്. പാകിസ്ഥാനിൽ നിർമ്മിച്ച് പാകിസ്ഥാൻ അഭിനേതാക്കൾ അഭിനയിച്ച ചിത്രമാണ് ‘ദി ലെജൻഡ് ഓഫ് മൗല ജത്’.
ചിത്രം ഉടൻ മഹാരാഷ്ട്രയിൽ റിലീസ് ചെയ്യാൻ മനപ്പൂർവ്വം പദ്ധതിയിടുന്നുണ്ടെന്നും എംഎൻഎസ് ആരോപിച്ചു. “എങ്ങനെയാണ് പാകിസ്ഥാൻ ഇന്ത്യാ വിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ല. പാകിസ്താനിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ സൈനികരും പോലീസും പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഞങ്ങൾ കാലാകാലങ്ങളിൽ അതിനെതിരെ പ്രതിഷേധിക്കുന്നു. പാകിസ്ഥാനി ചിത്രം മഹാരാഷ്ട്രയിൽ റിലീസ് ചെയ്യരുതെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” -എംഎൻഎസ് കത്തിൽ പറഞ്ഞു.