ജമ്മു കശ്മീരില്‍ പാകിസ്താന് പൗരനെ ഇന്ത്യന്‍ സൈന്യം പിടികൂടി. പാകിസ്താനിലെ നക്കിയാല്‍ കോട്ടില്‍ സ്വദേശി ഫരിയാദ് അലി(20) യെയാണ് പിടികൂടിയത്. ബലക്കോട്ടിന് സമീപത്തെ അതിര്‍ത്തി പ്രദേശത്ത് നിന്നുമാണ് ഇയാളെ പിടികൂടിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ മെന്ദാര് പോലീസിന് കൈമാറി.
കഴിഞ്ഞ ദിവസം രാത്രിയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സൈനികര്‍ ഫരിയാദ് അലിയെ കണ്ടത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പാകിസ്താന് സ്വദേശിയാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ പോലീസിന് കൈമാറിയത്. എങ്ങിനെയാണ് ഇയാള്‍ നിയന്ത്രണ രേഖ കടന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിയന്ത്രണ രേഖ കടക്കന്‍ ഇയാള്‍ക്ക് പാക് സൈന്യത്തിന്റെ സാഹായം ലഭിച്ചതായും കരുതുന്നുണ്ട്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. പിന്നാലെ മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ പിടികൂടിയിരുന്നു. ഇതിന് ശേഷം അതിര്‍ത്തിയില്‍ ഇയാളെ കണ്ടെത്തിയത് സംശയം ഉളവാക്കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.