ക്വാലാലംപൂർ : വാടക കുടിശ്ശിക അടക്കാത്തതിന്റെ പേരിൽ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം മലേഷ്യൻ വിമാനത്താവളത്തിൽ പിടികൂടി. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) ബോയിംഗ് 777 ജെറ്റ് വിമാനമാണ് ക്വാലാലംപൂർ വിമാനത്താവളത്തിൽ പിടിച്ചെടുത്തത്.
വിമാനം വാടകയ്ക്ക് നൽകിയ ലിസിംഗ് കമ്പനിയായ എയർക്യാപ് ഹോൾഡിംഗ്സിന്റെ പരാതിയിൽ മലേഷ്യൻ കോടതിയുടെ ഉത്തരവ് പ്രകാരം തിങ്കളാഴ്ചയാണ് വിമാനം തടഞ്ഞുവച്ചത്. വിമാനത്തിൽ പുറപ്പെടേണ്ടിയിരുന്ന യാത്രക്കാരെ പാകിസ്ഥാൻ എയർലൈൻസിന്റെ മറ്റൊരു വിമാനമെത്തിയാണ് ലക്ഷ്യസ്ഥാനത്തെത്തിച്ചത്.
വാടക കൃത്യമായി നൽകിയെന്നും വിമാനം വിട്ടുകിട്ടാൻ നിയമപരമായി മുന്നോട്ടു പോകുമെന്നും വിമാന അധികൃതർ പറയുന്നു. 2021ൽ ഇതേ വിമാനം വാടക കുടിശ്ശികയുടെ പേരിൽ മലേഷ്യ പിടിച്ചെടുത്തിരുന്നു. കുടിശ്ശിക നൽകുമെന്ന പാകിസ്ഥാന്റെ നയതന്ത്ര ഉറപ്പിനെ തുടർന്നായിരുന്നു വിട്ടയച്ചത്. വ്യാജ പൈലറ്റ് ലൈസൻസുകളുടെ പേരിൽ 2020ൽ യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയതോടെ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്.