ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്ത് ഭീകരാക്രമണം നടക്കാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി സുരക്ഷ ഏജൻസികൾ. നാല് തവണയാണ് സുരക്ഷ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യമെമ്പാടും നടക്കുക. പാക് ഭീകര ഏജൻസികൾ ഇതിനോടടുത്ത ദിവസങ്ങളിൽ വിവിധ ഇടങ്ങളിലായി ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്നാണ് മുന്നറിയിപ്പ്.
ഡൽഹി മുതൽ ജമ്മു കശ്മീർ വരെയുള്ള ഭാഗങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ പാക് ഭീകരസംഘടനകൾ രാജ്യത്തിനുള്ളിൽ ആക്രമണത്തിന് പദ്ധതി ഇടുന്നതായി നേരത്തേയും സുരക്ഷ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുടർന്ന് നിയന്ത്രണ രേഖയിൽ ഉടനീളം സേന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മെറ്റൽ ഡിറ്റക്ടറുകൾക്ക് പോലും കണ്ടുപിടിക്കാൻ സാധിക്കാത്ത തരത്തിലുള്ള സ്ഫോടകവസ്തുക്കളാകും ഭീകരർ ഉപയോഗിക്കുക എന്നാണ് സൂചന. അതീവ സ്ഫോടന ശേഷിയുള്ളതാണ് ഇത്തരം ഐഇഡികൾ. അതേസമയം രാജ്യത്ത് ചിലയിടങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു. ആൾക്കൂട്ടം ഉണ്ടാകുന്ന ഇടങ്ങളിലും അതീവ ജാഗ്രത നിർദ്ദേശമുണ്ട്.