ന്യൂഡൽഹി: വിവിധ മേഖലകളിൽ രാജ്യത്തിന് അഭിമാനമായ പ്രതിഭകൾക്ക് പത്മ ബഹുമതികൾ നൽകി.
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാംനാഥ് കോവിന്ദ് ബഹുമതികൾ വിതരണം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവരും വിവിധ കേന്ദ്രമന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യൻ വിദേശകാര്യമന്ത്രിയായി ഏറെ തിളങ്ങിയ സുഷമ സ്വരാജിന് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ സമ്മാനിച്ചു.

പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ചന്നൂലാൽ മിശ്ര പത്മ വിഭൂഷൺ സ്വീകരിച്ചു.

കായിക താരം പി.വി.സിന്ധു, ഗായകൻ അദ്നാൻ സാമി. എയർമാർഷൽ ഡോ. പദ്മ ബന്ദോപാദ്ധ്യായ തുടങ്ങിയ 119 പേർ ബഹുമതികൾ ഏറ്റുവാങ്ങി.

റിപ്പബ്ലിക്ക് ദിന തലേന്നാണ് പത്മ ബഹുമതികൾ പ്രഖ്യാപിക്കാറ്.

പത്മ വിഭൂഷൺ( വിവിധ മേഖലകളിൽ സമഗ്രസംഭാന നൽകി വ്യക്തിമുദ്രപതിപ്പിച്ചവർ), പത്മ ഭൂഷൺ( വിവിധ മേഖലകളിൽ രാജ്യത്തിനായി സേവനം അനുഷ്ഠിച്ചവർ), പത്മ ശ്രീ (വിവിധ മേഖലകളിൽ ഉന്നത നേട്ടങ്ങൾ സ്വന്തമാക്കിയവർ, സാമൂഹ്യരംഗത്ത് ത്യാഗോജ്ജ്വലമായ സേവനം നൽകിയവർ) എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് ബഹുമതികൾ നൽകുന്നത്.

ഇത്തവണ 119 പേർക്കാണ് ബഹുമതി പ്രഖ്യാപിച്ചത്. ഇതിൽ 7 പത്മ വിഭൂഷണും, 10 പത്മ ഭൂഷണും, 106 പത്മശ്രീയുമാണുള്ളത്.

ഇതിൽ 29 പേർ വനിതകളാണ്. 16 പേർക്ക് മരണാനന്തര ബഹുമതിനൽകിയത്.

ഒരു ഭിന്നലിംഗ വ്യക്തിക്കും ഇത്തവണ പത്മ ബഹുമതി നൽകി.
