
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട് )മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണവും നോർക്ക -ക്ഷേമ നിധി ക്ലാസും സംഘടിപ്പിച്ചു. മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ 150 ലേറെ പേർ പങ്കെടുത്തു. പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. ലഹരിക്കെതിരായ ബോധവൽക്കരണ സെഷന് ഡോക്ടർ രാഹുൽ അബ്ബാസ് നേതൃത്വം നൽകി.
ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ, ലഹരിയിലേക്ക് നയിക്കുന്ന ജീവിത സാഹചര്യങ്ങൾ, ലഹരി ഉപയോഗിക്കുന്നവരിൽ കാണുന്ന ലക്ഷണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിൽ സ്പർശിക്കുന്നതായിരുന്നു പ്രസ്തുത സെഷൻ. തുടർന്ന് സർക്കാർ പദ്ധതികളായ നോർക്ക -പ്രവാസി ക്ഷേമ നിധി ആനുകൂല്ല്യങ്ങൾ,രജിസ്ട്രേഷൻ , സർക്കാരിൽ നിന്ന് സഹായങ്ങൾ ലഭിക്കുവാനുള്ള നടപടി ക്രമങ്ങൾ എന്നിവയെ കുറിച്ചുള്ള സെഷന് സാമൂഹ്യ പ്രവർത്തകനും കെ എം സി സി വൈസ് പ്രസിഡണ്ടുമായ എ.പി ഫൈസൽ നേതൃത്വം നൽകി.
പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ,അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധികളായ മുനവർ ഫൈറൂസ്, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. ജഗദീഷ് കുമാർ, മൂർത്തി നൂറണി, സുഭാഷ് മേനോൻ, സതീഷ് കുമാർ, രാംദാസ് നായർ, രവി മാരാത്ത്, ദീപക് വിജയൻ, കെ ടി രമേഷ്, സുധീർ, അശോക് മണ്ണിൽ, ഇ വി വിനോദ്, ഗോപാലൻ, അനിൽ കുമാർ, വനിത വിഭാഗം പ്രസിഡന്റ് സജിത സതീഷ്, ഭാരവാഹികളായ ഉഷ സുരേഷ്, ഷീബ ശശി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകരായ ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, പങ്കജ് നല്ലൂർ, അബ്ദുൽ സലാം, വിഷ്ണു, സുനിൽ ബാബു, അബ്ദുൽ മൻഷീർ, മജീദ് തണൽ, ശറഫുദ്ധീൻ മാരായമംഗലം തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. പ്രോഗ്രാം കൺവീനർ സൽമാനുൽ ഫാരിസ് നന്ദി പ്രകാശിപ്പിച്ചു.
