ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ ഉണ്ടായത് സാധാരണ ഗതിയിലുള്ള പ്രതിഷേധമല്ല, സുധാകര മോഡൽ ഭീകര പ്രവർത്തനമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. മുഖ്യമന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ കയ്യിൽ ആയുധമില്ലെന്ന് മനസ്സിലാക്കിയാണ് ആക്രമണം ഉണ്ടായത്. ഇത് യൂത്ത് കോൺഗ്രസുകാർക്ക് തനിയെ തോന്നി ചെയ്തതല്ല, മറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിർദ്ദേശമനുസരിച്ച് നടത്തിയ ആസൂത്രിതമായ ആക്രമമാമെന്നും ഭീകരന്മാരാണ് വിമാനത്തിൽ കയറി ഇതുപോലെയുള്ള ആക്രമണം നടത്താറുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മൂന്നരക്കോടി ജനങ്ങളുടെ മുഖ്യമന്ത്രിയെ ആക്രമിക്കുമ്പോൾ ജനങ്ങൾ സമാധാനപരമായി പ്രതിഷേധിക്കുക സ്വാഭാവികമാണ്. എന്നാൽ അതിനെ മുതലെടുത്തുകൊണ്ട് നാട്ടിൽ കലാപമുണ്ടാക്കുവാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും ജയരാജൻ ആരോപിച്ചു. കെപിസിസി പ്രസിഡന്റ് നാട്ടിൽ കലാപമുണ്ടാക്കാൻ ജനങ്ങളെ ഇളക്കിവിടുകയാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും കുപ്രചരണങ്ങൾ ശക്തമായ നിലയിൽ പ്രതിരോധിക്കുമെന്നും ജയരാജൻ ആലപ്പുഴയിൽ പറഞ്ഞു.