മനാമ: ബഹ്റൈനിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) പുറത്തുവിട്ടു. ബഹ്റൈനിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഗാർഹിക തൊഴിലാളികളുടെ എണ്ണം 50,098 ആണ്. അതിൽ 25,467 പേർക്ക് പുതിയ വർക്ക് പെർമിറ്റുകളും 24,631 പേർക്ക് പുതുക്കിയ കരാറുകളും ഉണ്ട്. ഗാർഹിക തൊഴിലാളികളെ വിതരണം ചെയ്യുന്ന ഒമ്പത് ഏജൻസികൾ ബഹ്റൈനിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.
ഗാർഹിക തൊഴിലാളികളെ ജോലിക്കെടുക്കുന്നതിലും നിയമിക്കുന്നതിലുമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എൽഎംആർഎ മികച്ച രീതിയിൽ ശ്രമം നടത്തുന്നുണ്ട്. ഒരു വശത്ത്, ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ തൊഴിലുടമകൾ ലംഘിക്കുന്നത് തടയാൻ നിയമങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കിയപ്പോൾ, മറുവശത്ത്, ആഭ്യന്തര മന്ത്രാലയത്തിന് 4,500 ലധികം ഗാർഹിക തൊഴിലാളികളുടെ റൺഎവേ കേസുകളാണ് ലഭിച്ചത്.
വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് എൽഎംആർഎ ത്രികക്ഷി ഗാർഹിക കരാർ അംഗീകരിച്ചു. ഇത് എംപ്ലോയ്മെന്റ് ഓഫീസ്, തൊഴിലുടമ , ഗാർഹിക തൊഴിലാളി എന്നിവർ തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്നു. കൂടാതെ എല്ലാ റിക്രൂട്ട്മെന്റ് ഓഫീസുകൾക്കും ഇത് ബാധകമാണ്. ഒരു ഏജൻസിയിൽ നിന്ന് ഒരു വേലക്കാരിയെ നിയമിക്കുന്നതിനുള്ള ചെലവിൽ ഏജന്റ് ഫീസ്, വേലക്കാരിയെ ബഹ്റൈനിലേക്ക് കൊണ്ടുവരുന്നതിനുള്ള ചെലവ്, വർക്ക് പെർമിറ്റിന്റെ ചിലവ് എന്നിവ ഉൾപ്പെടും. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ബഹ്റൈനിൽ രജിസ്റ്റർ ചെയ്ത 90,000 വീട്ടുജോലിക്കാരുണ്ട്.

ഫിലിപ്പീൻസ്, ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, എത്യോപ്യ, കെനിയ, ഉഗാണ്ട, എറിത്രിയ, ഘാന, സീഷെൽസ് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നാണ് വീട്ടുജോലിക്കാർ ബഹ്റൈനിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം, എൽഎംആർഎ, സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ (CBB), ബഹ്റൈൻ ഇൻഷുറൻസ് അസോസിയേഷൻ (BIA) എന്നിവയുടെ സഹകരണത്തോടെ, തൊഴിലുടമകളെയും ഗാർഹിക പ്രവാസി തൊഴിലാളികളെയും സംരക്ഷിക്കുന്നതിനായി ഗാർഹിക തൊഴിലാളികൾക്കായി ഓപ്ഷണൽ ഇൻഷുറൻസ് സിസ്റ്റം പ്രഖ്യാപിച്ചിരുന്നു.
ഗാർഹിക തൊഴിലാളികൾക്കുള്ള ഓപ്ഷണൽ ഇൻഷുറൻസ് സംവിധാനം, തൊഴിൽ പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച് ജോലി ഉപേക്ഷിക്കുകയോ, അന്യായമായ പിരിച്ചുവിടൽ, പരിക്കുകൾ, വൈകല്യം, മരണം എന്നിവ ഉണ്ടാകുമ്പോൾ നഷ്ടപരിഹാരം നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ തൊഴിലുടമകളെയും ഗാർഹിക പ്രവാസി ജീവനക്കാരെയും സംരക്ഷിക്കുന്നു.
മരണം സംഭവിച്ചാൽ, ഇൻഷ്വർ ചെയ്ത ജീവനക്കാർക്ക് നിയമപരമായ അവകാശികൾക്ക് നഷ്ടപരിഹാരം ലഭിക്കും. കൂടാതെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകളും പരിരക്ഷിക്കപ്പെടും. എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്ന ഒരു സംയോജിത പദ്ധതി വികസിപ്പിക്കുന്നതിന് സിബിബി, ബിഐഎ, ഇൻഷുറൻസ് കമ്പനികൾ എന്നിവയുമായി എൽഎംആർഎ ഏകോപിപ്പിച്ചിട്ടുണ്ടെന്ന് എൽഎംആർഎ സിഇഒ ജമാൽ അബ്ദുൽ അസീസ് അൽ അലവി പറഞ്ഞു.
പ്രവാസി ജീവനക്കാരെ അവരുടെ റിക്രൂട്ട്മെന്റിന് ശേഷം ഇൻഷ്വർ ചെയ്യാനുള്ള ഓപ്ഷൻ തൊഴിലുടമയ്ക്ക് ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലുടമകൾക്ക് തിരഞ്ഞെടുക്കാൻ മൂന്ന് ഇൻഷുറൻസ് പാക്കേജുകൾ ലഭ്യമാക്കിയിട്ടുണ്ട്. 12 മാസത്തേക്ക് 40 ദിനാറിനും 120 ദിനാറിനും ഇടയിലും 24 മാസത്തേക്ക് 60 ദിനാറിനും 180 ദിനാറിനും ഇടയിലുമാണ് നിരക്ക്.
