തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചിയത്ത് ഒരാള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും ആര്‍സിയും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കി. ഇന്നലെ രാത്രിയാണ് വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരിഞ്ചയത്ത് വെച്ച് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 60 വയസുള്ള ദാസിനിയാണ് മരിച്ചത്.
സംഭവത്തില്‍ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് (34) ആണ് അറസ്റ്റില്‍ ആയത്. അലക്ഷ്യമായി വാഹനം ഓടിച്ച് ജീവന് നഷ്ടപ്പെടുത്തിയതിനാണ് അരുള്‍ ദാസിനെതിരെ കേസെടുത്തത്. പിന്നാലെയാണ് അരുണ്‍ ദാസിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയത്.
അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞത്. വളവ് തിരിഞ്ഞ ശേഷമാണ് അപകടം സംഭവിച്ചത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേര് ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ പരിക്കേറ്റ 20 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.