വാഷിങ്ടൺ: ഓസ്കർ പുരസ്കാര വിതരണത്തിനിടെ വിൽ സ്മിത്ത് മുഖത്തടിച്ച അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് ഓസ്കർ അക്കാദമി. വേദിയിൽ അനുഭവിച്ചതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ആ സമയത്ത് കാണിച്ച സഹിഷ്ണുതയിൽ നന്ദിയുണ്ട് എന്നും വാർത്താകുറിപ്പിലൂടെ അക്കാദമി പറഞ്ഞു. സംഭവത്തിൽ വിൽ സ്മിത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അക്കാദമി പറഞ്ഞു. സിനിമകളിൽ നിന്നുള്ള വിലക്കാവും വിൽ സ്മിത്ത് നേരിടേണ്ടിവരിക. സംഭവത്തിനു ശേഷം വിൽ സ്മിത്തിനോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. ഏപ്രിൽ 18ന് ചേരുന്ന യോഗത്തിൽ വിൽ സ്മിത്തിനെതിരെ വോട്ടെടുപ്പിലൂടെ നടപടി സ്വീകരിക്കും. അടുത്ത 15 ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് ഇക്കാര്യത്തിൽ വിശദീകരണം നൽകാം എന്നും അക്കാദമി പറഞ്ഞു.
