മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളവിഭാഗം ഗുദൈബിയ പാലസ് മസ്ജിദിന് സമീപമുള്ള മന്നാഇ ഹാളിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ “ഖുർആനിന്റെ തണലിൽ” എന്ന ശീർഷകത്തെ ആസ്പദമാക്കി ഡോ. ജൗഹർ മുനവ്വിർ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി.
ഖുർആൻ പഠനത്തിലൂടെയും അത് പ്രവർത്തി പഥത്തിൽ കൊണ്ട് വരുന്നതിലൂടെയും മാത്രമേ ഒരു മനുഷ്യന് അവന്റെ കർമ്മങ്ങളെ സൃഷ്ടാവിന്റെ പ്രീതിക്കനുസരിച്ച് ക്രമപ്പെടുത്താൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.
പ്രവാസികൾക്കുള്ള പഠനത്തിനായി ബഹ്റൈൻ സർക്കാർ നൽകുന്ന സൗകര്യങ്ങൾ നമ്മൾ വേണ്ട വിധം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ചേർത്ത് പറഞ്ഞു.
ഖുർആനിക മെമ്മോറൈസേഷൻ വിഭാഗം തലവനും മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ് ഹസ്സൻ ത്വയ്യിബ്, തർബിയ ഇസ്ലാമിക് സൊസൈറ്റി അഡ്മിനിസ്ട്രേറ്റീവ് ബോഡി തലവൻ ഷെയ്ഖ് ആദിൽ സയ്യാർ, സോഷ്യൽ വെൽഫേർ കമ്മിറ്റി ചെയർമാൻ ഷെയ്ഖ് സ്വലാഹ് ഫഖീഹി എന്നിവർ ആശംസകൾ അറിയിച്ചു.
മുഹമ്മദ് ബിൻ രിസാലിൽന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടികൾക്ക് അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതവും അബ്ദുൽ അസീസ്സ ടി.പി. നന്ദിയും പറഞ്ഞു.