മനാമ: ബഹ്റൈൻ സ്പോർട്സ് ഡേ 2022 ന്റെ ഭാഗമായി ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും കായിക ദിനാചരണം സംഘടിപ്പിച്ചു. വിവിധതരം മത്സരങ്ങളും കായിക പരിപാടികളുമാണ് മന്ത്രാലയങ്ങൾ സംഘടിപ്പിച്ചത്. ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും കായികശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് പ്രേരണ നൽകുന്നതിനുമാണ് കായികദിനാചരണം സംഘടിപ്പിക്കുന്നത്. പകുതി ജോലി സമയം ഇതിനായി നീക്കിവെക്കണമെന്നാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർദേശം നൽകിയിട്ടുള്ളത്.
വിവിധ മന്ത്രാലയങ്ങളിലെയും സർക്കാർ ഓഫിസുകളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർ ഇതിൽ പങ്കാളികളായി. ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ജീവിതത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനാണ് കായിക ദിനാചരണം ലക്ഷ്യമിടുന്നത്. വിവിധ സ്വകാര്യ കമ്പനികളും ക്ലബുകളും സാമൂഹിക സംഘടനകളും കായിക ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.