കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റർ കൊച്ചിയിലെത്തി . സ്റ്റാഫ് നേഴ്സായ സെൽവിൻ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടന്നത്.
കൊച്ചിയിലെ ഹെലിപാടിൽ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റർ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങൾ എത്തിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൊലീസ് നടത്തിക്കഴിഞ്ഞു. ഗതാഗത നിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. സെൽവിൻ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16 കാരൻ ഹരി നാരായണന് നൽകും. ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡി സിറ്റിയിൽ ചികിത്സയിൽ ഉള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്ക് തന്നെ നൽകുമെന്നാണ് വിവരം. അതേസമയം, സെൽവിന്റെ കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിൽ ദാനം ചെയ്യും. അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകൾ കിംസ് ആശുപത്രിയിൽ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാജോർജ്ജ് അറിയിച്ചിരുന്നു. കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി) വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്. സുഗമമായി അവയവം എത്തിക്കുന്നതിന് മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.