തിരുവനന്തപുരം: മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പോലും പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യം സബ്മിഷനിലൂടെ വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. എന്നാല്‍ അടിസ്ഥാനരഹിതമായ കണക്കുകള്‍ ഉന്നയിച്ചുള്ള മറുപടി പൊതുവിദ്യാഭ്യാസമന്ത്രി നല്‍കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. കുട്ടികളെ ബാധിക്കുന്ന പ്രശ്നം മൂന്നാം തവണയും നിയമസഭയില്‍ ഉന്നയിച്ചിട്ടും സര്‍ക്കാര്‍ ഗൗരവത്തിലുള്ള സമീപനം സ്വീകരിക്കാത്തിനാലാണ് നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
രണ്ടാം ഘട്ട അലോട്ട്മെന്റെ് പൂത്തിയായിട്ടും പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഒരു സ്കൂളില്‍ പോലും പ്രവേശനം ലഭിച്ചില്ല. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ആയിരക്കണക്കിന് കുട്ടികളും അലോട്ട്മെന്റിന് പുറത്താണ്. എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നപ്പോള്‍ തന്നെ പ്ലസ് വണ്‍ പ്രവേശനത്തില്‍ ഉണ്ടാകാന്‍ പോകുന്ന അപകടകരമായ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് ശ്രദ്ധിച്ചില്ല. പിന്നീട് ഒന്നാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ അടിയന്തിര പ്രമേയമായി വിഷയം വീണ്ടും അവതരിപ്പിച്ചു. അലോട്ട്മെന്റ് കഴിയുമ്പോള്‍ സംസ്ഥാനത്താകെ 39119 സീറ്റുകള്‍ മിച്ചം വരുമെന്നാണ് മന്ത്രി അന്നു പറഞ്ഞത്. എന്നാല്‍ പൂര്‍ണമായ അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ ഇത്രയും സീറ്റുകള്‍ മിച്ചമുണ്ടെങ്കില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവരുള്‍പ്പെടെ പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാത്തത് എന്തുകൊണ്ടാണ്? ഇനി എന്നാണ് ഇവര്‍ക്ക് അലോട്ട്മെന്റ് ലഭിക്കുന്നത്? 655 സീറ്റുകള്‍ മാത്രമാണ് മെറിറ്റില്‍ ഇനി ബാക്കിയുള്ളത്.
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവര്‍ പോലും അണ് എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് പ്രതിപക്ഷം നേരത്തെ രണ്ടു തവണയും ഈ വിഷയം സഭയില്‍ ഉന്നയിച്ചത്. 20 ശതമാനം സീറ്റ് വര്‍ധനകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കാനാകില്ല. സംസ്ഥാനത്തെ ഒരു യൂണിറ്റായി കാണാതെ താലൂക്ക് അടിസ്ഥാനത്തില്‍ ബാച്ചുകള്‍ അനുവദിച്ച് ഈ ഗുരുതരമായ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഈ പ്രതിസന്ധി നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അടിയന്തിരമായി പ്രശ്നം പരിഹരിക്കണമെന്ന് സര്‍ക്കാരിനോട് കൈകൂപ്പി അഭ്യര്‍ഥിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എഴുതി നല്കുന്ന കണക്കുകള്‍ മാത്രമാണ് മന്ത്രി വായിക്കുന്നത്. മന്ത്രി സ്ഥിരമായി ഒരേ മറുപടിയാണ് പറയുന്നത്. ഞങ്ങള്‍ക്കു വേണ്ടത് സ്ഥിരം സ്റ്റീരിയോടൈപ്പ് മറുപടികളല്ല. സീറ്റുകള്‍ വര്‍ധിപ്പിച്ച് കുട്ടികളുടെ ഉത്കണ്ഠ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. പ്രതിപക്ഷ നീക്കം രീഷ്ട്രീയ പ്രേരിതമാണെന്ന് നിയമസഭയില്‍ പറഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക് രക്ഷിതാക്കളോടും കുട്ടികളോടും ഇതു പറയാന്‍ ധൈര്യമുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.