സംസ്ഥാനത്ത് കാെറോണ വ്യാപന നിരക്ക് ഉയരുന്നതിന് കാരണം പ്രതിപക്ഷ സമരങ്ങളാണെന്ന വാദവുമായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷെെലജ. പ്രതിപക്ഷ സമരങ്ങൾ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുകയാണെന്നും ഫേസ്ബുക്ക് ലൈവിൽ മന്ത്രി ആരോപിച്ചു. സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം 6000 പിന്നിട്ടതിന് പിന്നാലെയാണ് പ്രതിപക്ഷ സമരങ്ങൾ രോഗവ്യാപനത്തിന് ഇടയാക്കുന്നുവെന്ന ആരോപണവുമായി മന്ത്രി എത്തിയത്.
ദുരന്ത നിവാരണ നിയമപ്രകാരം വലിയ ആൾക്കൂട്ടങ്ങൾ കുറ്റകരമായ സമയത്താണ് സർക്കാരിനെതിരായ പ്രക്ഷോഭം എന്ന പേരിൽ ആളുകൾ ഒത്തുകൂടുന്നത്. മഹാമാരിയുടെ മുൻപിൽ പ്രതിഷേധങ്ങൾക്ക് പ്രസക്തിയില്ല. അകലം പാലിച്ചും മാസ്ക് ധരിച്ചും വളരെ കുറച്ച് ആളുകളെ പങ്കെടുപ്പിച്ചും പ്രതീകാത്മമായി പ്രതിഷേധങ്ങൾ നടത്താവുന്നതേയുള്ളൂ.
കർശന നടപടികളിലൂടെയും കൂട്ടായ പരിശ്രമത്തിലൂടെയും മാത്രമേ കാെറോണ വ്യാപനം തടയാൻ കഴിയൂ. ഉത്തരവാദിത്വമില്ലാത്ത പ്രവർത്തനമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്. അതിന് വലിയ വില കൊടുക്കേണ്ടിവരും. ചെറിയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി വലിയ ബഹളങ്ങൾ ഉണ്ടാക്കുകയാണ്. സമരങ്ങൾ പാടില്ലെന്ന് പറയുമ്പോൾ പ്രതിഷേധം അടിച്ചമർത്താനാണെന്ന് തെറ്റിദ്ധരിക്കുകയാണെന്നും കെ.കെ. ഷെെലജ കൂട്ടിച്ചേർത്തു.
കെ എസ് യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത് പേര് മാറ്റി കാെറോണ പരിശോധന നടത്തിയത് അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്. പോസിറ്റീവായാൽ ഒളിച്ചു വെയ്ക്കാനാണോ പേര് മാറ്റിപ്പറഞ്ഞതെന്ന് മന്ത്രി ചോദിച്ചു. ഇത്തരം കാര്യങ്ങൾ ആരും അനുകരിക്കരുതെന്നും കൂടുതൽ പേർ ഇങ്ങനെ പേര് മാറ്റി പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും കെ.കെ ഷെെലജ പറഞ്ഞു.
കെ എം അബി എന്ന പേരിൽ അഭിജിത് പരിശോധനയ്ക്ക് വിധേയനായെന്നാണ് ആരോപണം. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതിയിൽ ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നീ വകുപ്പുകൾ പ്രകാരം അഭിജിത്തിനെതിരെ കേസ് എടുത്തിട്ടുണ്ട്.