
സുല്‍ത്താന്‍ ബത്തേരി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി.
കോഴിക്കോട് പെരുമണ്ണ തെന്നാര പോട്ട വീട്ടില്‍ സി.കെ. നിജാസി(25)നെയാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിദേശത്തേക്കു മുങ്ങിയ ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അബുദാബിയില്‍നിന്ന് തിരിച്ചു നാട്ടിലേക്കു വരുംവഴിയാണ് നിജാസ് പിടിയിലായത്. കേസില്‍ ഒരാളെ കൂടി പിടികിട്ടാനുണ്ട്.
2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ചീരാല്‍ സ്വദേശിയായ യുവാവില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഓണ്‍ലൈന്‍ ട്രേഡ് ചെയ്ത് 5 ശതമാനം മുതല്‍ 10 ശതമാനം വരെ ലാഭമുണ്ടാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ഗൂഗിള്‍ പേ വഴിയും അക്കൗണ്ട് വഴിയും 75 ലക്ഷം രൂപയോളം പ്രതികള്‍ തട്ടിയെടുത്തത്. ലാഭമോ പണമോ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ചീരാല്‍ സ്വദേശി 2024 നവംബറിലാണ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസ് റജിസ്റ്റര്‍ ചെയ്തതറിഞ്ഞ് രണ്ടു പ്രതികളും ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ നിജാസിനെ റിമാന്‍ഡ് ചെയ്തു.
