മദ്യപാനം കോവിഡ്- 19 നെ ചെറുക്കുമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സ്വദേശിയായ മുകേഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മദ്യപാനത്തിലൂടെ കോവിഡ്-19 നെ പ്രതിരോധിക്കാമെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ഇയാള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. കോവിഡ്-19 വൈറസ് ബാധയുടെമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനും മലപ്പുറം ജില്ലയില്‍ എട്ട് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മലപ്പുറത്തെ ചങ്ങരംകുളം പെരിന്തല്‍മണ്ണ, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് വീതവും മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനില്‍ ഓരോ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.