മനാമ: സീഫിലെ വാട്ടർ ഗാർഡൻ സിറ്റി ബീച്ചിൽ ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി)യുടെ ആഭിമുഖ്യത്തിൽ ഒളിമ്പിക് ദിനം ആചരിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ പ്രഥമ ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ ദിനാചരണത്തിൽ പങ്കെടുത്തു. ഒളിമ്പിക് ദിനാചരണ ഭാഗമായി സെയിലിങ്, റോയിങ്, ബീച്ച് സോക്കർ, ബീച്ച് വോളിബാൾ, ഓപൺ വാട്ടർ നീന്തൽ, ആയോധനകലകൾ, നെറ്റ്ബാൾ, വെയ്റ്റ്ലിഫ്റ്റിങ്, അക്വാത്ലോൺ തുടങ്ങി നിരവധി മത്സരങ്ങളും സ്പോർട്സ് ഷോകളും നടന്നു.
15 വയസ്സിനു താഴെയുള്ളവർ, 16-19 വയസ്സ്, 20-40 വയസ്സ്, 41 വയസ്സിനു മുകളിലുള്ളവർ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്തു. ഒളിമ്പിക് ദിന ഓട്ടവും നടന്നു. പരിപാടിയിൽ മുതിർന്ന കായിക താരങ്ങളും ഫെഡറേഷനുകളുടെയും ക്ലബുകളുടെയും പ്രതിനിധികളും സന്നിഹിതരായിരുന്നു. കായികക്ഷമതയുള്ള സമൂഹത്തെ പടുത്തുയർത്തുക, സ്പോർട്സിന്റെ മൂല്യങ്ങൾ കായികതാരങ്ങൾക്കും സമൂഹത്തിനും പകർന്നുകൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഒളിമ്പിക് ദിനം ആചരിക്കുന്നത്. ഒളിമ്പിക് മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്.