തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് മടങ്ങിയെത്തുന്ന നീന്തല്‍താരം സജന് പ്രകാശിന് ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലും പോലീസ് ആസ്ഥാനത്തും കേരളാ പോലീസ് സ്വീകരണം നല്‍കും. ആംഡ് പോലീസ് ഇന്‍സ്പെക്ടറാണ് സജന് പ്രകാശ്.
ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന സജന് പ്രകാശിനെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. തുടര്‍ന്ന് പോലീസ് ബാന്റ് സംഘത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പോലീസ് ആസ്ഥാനത്തേയ്ക്ക് ആനയിക്കും. മോട്ടോര്‍ സൈക്കിള്‍, കുതിരപ്പോലീസ് എന്നിവയും അകമ്പടി നല്‍കും.
പോലീസ് ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പോലീസിന്റെ ഉപഹാരങ്ങള്‍ അദ്ദേഹത്തിന് സമ്മാനിക്കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പിമാരായ കെ.പത്മകുമാര്‍, മനോജ് എബ്രഹാം, വിജയ് സാഖറെ, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, ബറ്റാലിയന് ഡി.ഐ.ജി പി.പ്രകാശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍, ഒളിമ്പിക്സ് അസോസിയേഷന്, സ്പോര്‍സ് വകുപ്പ് എന്നിവയുടെ പ്രതിനിധികളും പോലീസ് സ്പോര്‍ട്സ് വിഭാഗത്തിലെ താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും.