
തൃശൂര്‍: അഞ്ചേരിചിറയില്‍ പട്ടാപകല്‍ കടയില്‍ കയറി കത്തി കാട്ടി കടയുടമയെ മര്‍ദിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികളെ 24 മണിക്കൂറിനകം പിടികൂടി ഒല്ലൂര്‍ പൊലീസ്. അഞ്ചേരി കോയമ്പത്തൂര്ക്കാരന് വീട്ടില്‍ കൃഷ്ണമൂര്‍ത്തി മകന് വിജീഷ് (22), പുത്തൂര്‍ തേക്കുമ്പുറം വീട്ടില്‍ ജോസഫ് മകന് സീക്കോ (22), മരോട്ടിച്ചാല്‍ അഴകത്ത് വീട്ടില്‍ മനോജ് മകന് ജിബിന്‍ (19), വെള്ളാനിക്കര ചീരുകണ്ടത്ത് വീട്ടില്‍ സൈലേഷ് മകന് അനുഗ്രഹ് (27) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വഴ്ച രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം.
അഞ്ചേരിച്ചിറയിലുള്ള മീനൂട്ടീ ചിക്കന്‍ സെന്ററിലേക്ക് മാരകയുധകങ്ങള്‍ കൊണ്ട് കയറി ചെന്ന പ്രതികള്‍ കട ഉടമയായ സന്തോഷിനെ കത്തി വീശി ഭീഷണിപ്പെടുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സന്തോഷിന് പരിക്കേറ്റു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്ത ഒല്ലൂര്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ പ്രതികളില്‍ ഒരാളായ സീക്കോയെ ചേര്‍പ്പ് പൊലീസ് സ്റ്റേഷന് പരിധിയിലെ പെരിഞ്ചേരിയില്‍ നിന്നും പിടികൂടി. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ മരോട്ടിച്ചാല്‍ ഭാഗത്ത് നിന്നും മറ്റു പ്രതികളായ വിജീഷ്, ജിബിന്‍, അനുഗ്രഹ് എന്നിവരെ ബുധനാഴ്ച പുലര്‍ച്ചയോടെ പിടികൂടുകയും ചെയ്തു.
