
പാലക്കാട്: മകന്റെ സുഹൃത്തായ 14കാരനെ വീട്ടമ്മ തട്ടിക്കൊണ്ടുപോയതായി പരാതി.
പാലക്കാട് ആലത്തൂരിലെ കുതിരപ്പാറ സ്വദേശിനിയാണ് മകന്റെ കൂട്ടുകാരനോടൊപ്പം നാടുവിട്ടത്. പരീക്ഷയ്ക്കു സ്കൂളില്‍ പോയ കുട്ടി ഏറെ വൈകിയിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസിന്റെ അന്വേഷണത്തില്‍ കുട്ടി യുവതിക്കൊപ്പമുണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് പാലക്കാട്ടുനിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലക്കാട്ടെത്തിച്ച കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. എങ്ങോട്ടെങ്കിലും പോകാമെന്നു കുട്ടി യുവതിയോടു പറഞ്ഞെന്ന് പോലീസ് പറയുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരം യുവതിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
