മനാമ: ഇന്ത്യൻ പെട്രോളിയം കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ നുമാലിഗഢിൽ നിന്നുള്ള ഫിനാൻസ് ഡയറക്ടർ സഞ്ജയ് ചൗധരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ എണ്ണ പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന സ്വീകരിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് യോഗത്തിൽ പങ്കെടുത്തു. വിവിധ എണ്ണ പദ്ധതികളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്തു.
ഖനനം, ഉൽപ്പാദനം, റിഫൈനറി പ്രവർത്തനങ്ങൾ എന്നിവയിൽ ഇന്ത്യൻ പെട്രോളിയം കമ്പനികളുടെ വൈദഗ്ധ്യത്തെയും നേട്ടങ്ങളെയും മന്ത്രി അഭിനന്ദിച്ചു. പുനരുപയോഗ ഊർജത്തെ പിന്തുണയ്ക്കുന്ന തന്ത്രപരമായ സംരംഭങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലെയും സുപ്രധാന പരിപാടികളും പ്രവർത്തനങ്ങളും സഞ്ജയ് ചൗധരി ഉയർത്തിക്കാട്ടി. എണ്ണ, പരിസ്ഥിതി മേഖലകളിലെ ബഹ്റൈന്റെ വികസനത്തെ അദ്ദേഹം അഭിനന്ദിച്ചു.